തൃശൂർ: കഞ്ചിക്കോട് പുതിയ മദ്യ നിർമാണശാല ആരംഭിക്കാനുള്ള തീരുമാനത്തെ എതിർത്ത് രമേശ് ചെന്നിത്തല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ ഏറ്റവും വലിയ അഴിമതി ആയിരുന്നു ബ്രൂവറിയെന്ന് മുൻ പ്രതിപക്ഷ നേതാവ് ആരോപിച്ചു. 1999ലെ സർക്കാർ തീരുമാനം അട്ടിമറിച്ചാണ് കഞ്ചിക്കോട്ട് പുതിയ ഡിസ്‌ലറിയും ബ്രൂവറിയും ആരംഭിക്കാൻ ഉള്ള തീരുമാനം.
നിരവധി കേസുകളുള്ള ഓയാസിസ് കമ്പനിയെ ക്ഷണിച്ചതിലുള്ള മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഓയാസിസ് കമ്പനിയെ സിപിഎം പണം ഉണ്ടാക്കാനുള്ള മാർഗമായാണ് കാണുന്നത്. സർക്കാറിൻ്റെ കറവ പശുവാണ് എക്സൈസ് വകുപ്പ്. രാജഭരണ കാലത്ത് പോലും നടക്കാത്ത കാര്യങ്ങളാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടെൻണ്ടർ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുത്തത് വലിയ അഴിമതിയാണ്. പാലക്കാട് കഞ്ചിക്കോട് പ്രദേശം ജല ദൗർലഭ്യമുള്ള പ്രദേശമാണ്. 1.5 കോടി ലിറ്റർ വെള്ളം ആവശ്യമുള്ള വ്യവസായമാണ് ഇവിടെ നടപ്പാക്കാൻ നോക്കുന്നത്. ഇവിടെയെല്ലാം മഴ നിഴൽ പ്രദേശമാണ്.
മന്ത്രി എംബി രാജേഷ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അദ്ദേഹം എന്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതി ഭരണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.