കല്‍പ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. എംഎൽഎ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ, മുന്‍ ജില്ലാ ട്രഷറര്‍ കെകെ ഗോപിനാഥ് എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
തെളിവുകൾ നശിപ്പിക്കരുത്, കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം തുടങ്ങി ഉപാധികളാണ് കോടതി മുന്നോട്ട് വച്ചത്. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ഫോൺകോളുകളിലും സാമ്പത്തിക ഇടപാടുകൾക്ക് തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പ്രഥമദൃഷ്‌ട്യാ ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്ന വാദം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൻഎം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് എഴുതിയ അവസാന കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എംഎൽഎ ഐസി ബാലകൃഷ്‌ണന്‍റെയും വയനാട് സിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചന്‍റെയും പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. നിയമനത്തിന് എന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നു.
വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും കുറിപ്പിൽ പറയുന്നു. എൻഡി അപ്പച്ചനും ഐസി ബാലകൃഷ്‌ണനും പണം വാങ്ങാൻ ആവശ്യപ്പെട്ടു എന്നും കത്തിൽ പരാമർശിക്കുന്നു.
ഡിസംബര്‍ 25നാണ് വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അതേസമയം, ആത്മഹത്യാ കേസുകളും അനുബന്ധിച്ചുള്ള മൂന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.