ന്യൂഡല്‍ഹി: ജയില്‍പുള്ളികള്‍ക്കും മാനുഷിക പരിഗണനയ്ക്കുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജയില്‍ ഭരണത്തില്‍ കാതലായ പരിഷ്‌കാരങ്ങള്‍ വേണം. ജയിലില്‍ മെച്ചപ്പെട്ട അന്തരീക്ഷവും ഉണ്ടാകേണ്ടതുണ്ട്. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പ് നല്‍കുന്ന അന്തസുള്ള ഒരു ജീവിതത്തിനുള്ള അവകാശം ജയില്‍പുള്ളികള്‍ക്കും ഉറപ്പു വരുത്താനുള്ള ഒരു ജയില്‍ സംസ്‌കാരം ഉണ്ടാകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കോടതി ഉത്തരവ് ദസ്‌തോവസ്‌കിയുടെ വാക്കുകള്‍ ഉദ്ധരിച്ച്
''ഒരു സമൂഹത്തിന്‍റെ സാംസ്‌കാരിക നിലവാരം അറിയാന്‍ അവിടുത്തെ ജയിലില്‍ കടന്നാല്‍ മതി" എന്ന ഫയോദര്‍ ദസ്‌തോവസ്‌കിയുടെ പ്രശസ്‌തമായ വരികള്‍ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പ്രസ്‌താവന. ശിക്ഷിക്കപ്പെട്ട ഒരു ഗുണ്ടാ നേതാവ് വിശാഖ് തിവാരിയെ മറ്റൊരു ജയിലിലേക്ക് മാറ്റുന്നത് തള്ളിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി റദ്ദാക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഭരണകൂടം ഒരു തടവുകാരന്‍റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം നഷ്‌ടമായെന്ന് വിധിക്കുമ്പോഴും അയാള്‍ക്ക് മനുഷ്യനായി പരിഗണിക്കാനുള്ള അവകാശം നിലനില്‍ക്കുകയാണ്. അയാളുടെ മാനുഷിക അന്തസ് പാലിക്കപ്പെടണം. എല്ലാ അടിസ്ഥാന സൗകര്യങ്ങളും അയാള്‍ക്ക് ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ശക്തമായി അച്ചടക്കവും നിയമവും നടപ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു. സുരക്ഷിതമായി ജയില്‍പുള്ളികളെ തങ്ങളുടെ അധീനതയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം സാമൂഹ്യ ജീവിതത്തിന് ഇവര്‍ ഭംഗമുണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കണം. ഒപ്പം ജയില്‍പുള്ളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണമെന്നും കോടതി നിരീക്ഷിച്ചു. പരിഷ്ക്കാരങ്ങളുടെയും പുനരധിവാസത്തിന്‍റെയും ഉദ്ദേശ്യം ജയില്‍പ്പുള്ളികളുടെ അന്തസ് സംരക്ഷിക്കലാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജയില്‍ ചട്ടങ്ങള്‍ പരിഷ്ക്കരിക്കണം
മെച്ചപ്പെട്ട ജയില്‍ അന്തരീക്ഷത്തിനായി ജയില്‍ ഭരണം പരിഷ്ക്കരിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന അന്തസുള്ള ജീവിതം എന്ന അവകാശം തടവുകാര്‍ക്കും ഉറപ്പാക്കും വിധമുള്ള ജയില്‍ സംസ്‌കാരം രൂപപ്പെടുത്തണം. ജയിലിലെ ഭൗതിക സാഹചര്യങ്ങള്‍ സംബന്ധിച്ച് നിരന്തരം പരിശോധനകള്‍ നടത്തണം. തടവുകാരുടെ മൗലിക-അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
നീതിന്യായ വ്യവസ്ഥയുടെ അങ്ങേയറ്റക്കാരായാണ് ജയില്‍പുള്ളികളെ കണക്കാക്കുന്നത്. പുരാതന കാലം മുതല്‍ ഇതാണ് സ്ഥിതി. എന്നാല്‍ ആധുനിക കാലത്ത് ജയിലുകള്‍ ഒരു പാഠശാലയാകണം. അതിലൂടെ അന്തേവാസികളെ മാറ്റിയെടുക്കാന്‍ ഊന്നല്‍ കൊടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്തേവാസികളുടെ സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങള്‍ വരുത്തുക മാത്രമാണ് ജയില്‍ ജീവിതത്തിലുണ്ടാകേണ്ടത്. നിയമം അനുശാസിക്കുന്ന വിധത്തില്‍ തടവുകാരെ പുനരധിവസിപ്പിക്കണം. ഒപ്പം ജയിലിലെ സുരക്ഷിതത്വവും നിയമവാഴ്‌ചയും ഉറപ്പാക്കുകയും വേണമെന്നും കോടതി നിരീക്ഷിച്ചു.
കൃഷ്‌ണയ്യരെ ഓര്‍മ്മിപ്പിച്ച് സുപ്രീം കോടതി
തടവുകാര്‍ക്ക് നേരെയുള്ള മാനുഷിക വിരുദ്ധ പരിഗണനക്കെതിരെ ജസ്റ്റിസ് കൃഷ്‌ണയ്യര്‍ നേരത്തെ തന്നെ താക്കീത് നല്‍കിയിട്ടുള്ളതാണ്. സുനില്‍ബത്രയും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു കൃഷ്‌ണയ്യരുടെ നടപടി. ഭരണഘടനയ്ക്കും മാനുഷികാവകാശങ്ങള്‍ക്കും അനുചിതമായ രീതിയില്‍ ജയില്‍ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
2003ല്‍ കൊണ്ടുവന്ന മാതൃകാ ജയില്‍ ചട്ടം 2016ലാണ് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചത്. നിരന്തരമുള്ള ആവശ്യങ്ങള്‍ക്കൊടുവിലാണ് മാതൃക ജയില്‍ ചട്ടം നിലവില്‍ വന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുണ്ടാനേതാവിന്‍റെ ജയില്‍മാറ്റം
ജയില്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ഗുണ്ടാനേതാവിന്‍റെ ജയില്‍ മാറ്റം സംബന്ധിച്ച കേസില്‍ കോടതി ചൂണ്ടിക്കാട്ടി. ഗുണ്ട ആക്രമണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അതേസമയം ജയിലിനുള്ളില്‍ തന്‍റെ കക്ഷി എന്തെങ്കിലും ആക്രമണം നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലെന്നായിരുന്നു തിവാരിയുടെ അഭിഭാഷകന്‍റെ വാദം.
ആജീവനാന്തം തടവിന് ശിക്ഷിക്കപ്പെട്ട തിവാരിയെ ഹസാരിബാഗ് ലോകനായക് ജയപ്രകാശ് നാരായണ്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ധുംകയിലെ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. ഈ നടപടിയെ തിവാരി ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തു. തുടര്‍ന്ന് ഇതു അനീതിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി 2023 ഓഗസ്റ്റ് 21ന് റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജാര്‍ഖണ്ഡിനും വേണം മാതൃകാ ജയില്‍ ചട്ടം
ജാര്‍ഖണ്ഡ് 2016ലെ മാതൃക ജയില്‍ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി ജയില്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മികച്ച ജയില്‍ ഭരണത്തിന് ഇതാവശ്യമാണെന്നും ജയില്‍ അധികൃതര്‍ ഇത് കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്
ജാര്‍ഖണ്ഡിനെ സംബന്ധിച്ച് കൃത്യമായ ജയില്‍ ഭരണ-തടവുകാരുടെ സൗകര്യങ്ങള്‍ സംബന്ധിച്ച ചിത്രങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തടവുകാരുടെ സുരക്ഷയ്ക്ക് മാത്രമല്ല മറിച്ച് ജയിലിനുള്ളില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും തടവുകാരെ മാറ്റേണ്ടത് അത്യാവശ്യമാണെന്ന് കോടതി പറഞ്ഞു. ജയില്‍ സുരക്ഷയില്‍ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.