കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്‌ച. പ്രതി ഡോക്‌ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്നും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി അനിർബൻ ദാസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 9-നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആർ ജി കർ മെഡിക്കല്‍ കോളജില്‍ 31-കാരിയായ ജൂനിയർ ഡോക്‌ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്‌ടരുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാഥമിക പരിശോധനയ്‌ക്കും പോസ്‌റ്റുമാർട്ടം റിപ്പോർട്ടും അനുസരിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് ഡോക്‌ടർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. കൊൽക്കത്ത പൊലീസിലെ സിവിൽ വളണ്ടിയർ ആയിരുന്ന സഞ്ജയ് റോയിയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് സഞ്ജയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
എന്നാൽ മറ്റു ചിലരും കുറ്റകൃത്യത്തിലുൾപ്പെട്ടിട്ടുണ്ടെന്നും അതു കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ കേസ് സിബിഐക്ക് കൈമാറി. പക്ഷെ, സഞ്ജയ് മാത്രമേ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സിബിഐയുടെയും കണ്ടെത്തല്‍. 45 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
സഞ്‌ജയ് റോയിയെ കുറ്റകൃത്യത്തിലെ ഏക പ്രതിയാക്കുന്നതിന് 11 തെളിവുകളാണ് ഇതില്‍ പട്ടികപ്പെടുത്തിയിട്ടുള്ളത്. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം നവംബർ 11- നാണ് കോടതിയിൽ ബലാത്സംഗ, കൊലപാതക കേസിന്‍റെ വിചാരണ ആരംഭിക്കുന്നത്. 50 സാക്ഷികളെയാണ് വിസ്‌തരിച്ചത്. മരിച്ച ഡോക്‌ടറുടെ പിതാവ്, സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ, കൊൽക്കത്ത പൊലീസ് അന്വേഷണ ഉദ്യോഗസ്ഥൻ, ഫോറൻസിക് വിദഗ്‌ധൻ, കൊല്ലപ്പെട്ട ഡോക്‌ടരുടെ ഏതാനും സഹപാഠികൾ എന്നിവർ കേസിൽ മൊഴി നൽകിയിട്ടുണ്ട്.
സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ കേസില്‍ സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. ജൂനിയര്‍ ഡോക്‌ടരുടെ ബലാത്സംഗക്കൊലപാതകം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു.
പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്‌ടർമാർ സർക്കാർ ആശുപത്രികളിൽ നീതിയും ശക്തമായ സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾ ഏറെ നീണ്ടുനിന്നു. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നേരത്തെ തന്നെ പറഞ്ഞിരുന്നു.