ന്യൂഡല്‍ഹി : ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളും ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) നേതാവുമായ കെ.കവിതയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തിങ്കളാഴ്‌ച (26-02-2024) സിബിഐ ആസ്ഥാനത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ബിആർഎസ് നേതാവ് കവിതയോട് ആവശ്യപ്പെട്ടത്.
ഇ ഡി സമൻസിനെതിരെ കെ കവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി അഞ്ചിലേക്ക് സുപ്രീംകോടതി മാറ്റിവച്ചിരുന്നു. എക്സൈസ് നയക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിആർഎസ് നേതാവ് കെ കവിതയെ ഇഡി മുൻപും ചോദ്യം ചെയ്‌തിരുന്നു. നേരത്തേ 2022 ഡിസംബറില്‍ ഹൈദരാബാദിലെ വീട്ടില്‍ വെച്ച് കവിതയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
സിബിഐ കേസിന്‍റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് നേരത്തെ പലതവണ കവിതയ്‌ക്ക് സമൻസ് അയച്ചിരുന്നു. ആരോപണങ്ങൾ തള്ളിക്കളഞ്ഞ അവർ, ഈ നീക്കത്തെ രാഷ്‌ട്രീയ പകപോക്കൽ എന്നാണ് വിശേഷിപ്പിച്ചത്.
കേസ് ഇങ്ങിനെ :
കേസിലെ പ്രതികളിലൊരാളായ വിജയ് നായര്‍ സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘത്തില്‍ നിന്ന് 100 കോടി രൂപ കോഴ കൈപ്പറ്റി എന്നാണ് കേസ്. സൗത്ത് ഗ്രൂപ്പ് സംഘത്തെ നയിക്കുന്നത് ശരത് റെഢി, കെ കവിത, മാഗുന്ത ശ്രീനിവാസലു റെഢി എന്നിവരാണെന്നാണ് ഇഡി ആരോപിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടിയാണ് കോഴ കൈമാറിയതെന്നും ഇ ഡി ആരോപിക്കുന്നു.
സംഭവത്തില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ ഇതിനകം മൂന്ന് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. വിജയ്നായര്‍, അഭിഷേക് ബൊയ്ന്‍പള്ളി ദിനേഷ് അറോറ എന്നിവര്‍ വഴി ദക്ഷിണേന്ത്യന്‍ മദ്യ ലോബി ഡല്‍ഹിയിലെ ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് 90 മുതല്‍ 100 കോടി രൂപ വരെ കോഴ കൈമാറി എന്നാണ് കുറ്റപത്രത്തിലെ ആരോപണം. ക്രെഡിറ്റ് നോട്ടുകളിലൂടെയും ബാങ്ക് ട്രാന്‍സ്ഫറുകളിലൂടെയും ദക്ഷിണേന്ത്യന്‍ ലോബികള്‍ നിയന്ത്രിക്കുന്ന കമ്പനി ആക്കൗണ്ടുകളിലെ ഔട്ട സ്റ്റാന്‍ഡിങ്ങ് തുകകളായുമൊക്കെ കോഴപ്പണം ഉദ്ദേശിച്ച ആളുകളിലേക്ക് എത്തിച്ചുവെന്നും കേന്ദ്ര ഏജന്‍സി കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
മദ്യ നിര്‍മാതാക്കളും മൊത്തവിതരണക്കാരും ചില്ലറവില്‍പ്പനക്കാരും തമ്മില്‍ മദ്യനയത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് സഖ്യമുണ്ടാക്കിയതായും സിബി ഐ ആരോപിക്കുന്നു.ഇത് വഴി സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായെന്നും സിബിഐ കണ്ടെത്തി.
ALSO READ : കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് എംപി ധീരജ് സാഹു വീണ്ടും ഇഡിക്ക് മുന്നിൽ