ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അവയവങ്ങളുടെ പ്രവർത്തനം നടക്കണമെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളം കൂടിയേ തീരൂ. ഉപാപചയ പ്രവർത്തനം, തലച്ചോറിന്‍റെ പ്രവർത്തനം, രോഗപ്രതിരോധ ശേഷി, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനും വെള്ളം സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് വഴി ശരീത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങൾ നീക്കം ചെയ്യാനും ഗുണം ചെയ്യും. എന്നാൽ വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
ചെറു ചൂടുവെള്ളം കുടിക്കുക
തണുത്ത വെള്ളം കുടിക്കുന്നതിനേക്കാൾ ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ശരീരത്തിന് നല്ലത്. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഇത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും കാരണമാകും. അതിനാൽ ഇളം ചൂടുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കരുത്
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴോ അതിന് ശേഷമോ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ ഈ ശീലം ആരോഗ്യത്തിന് നല്ലതല്ല. ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കുകയും അസിഡിറ്റി, നെഞ്ചെരിൽ എന്നിവ ഉൾപ്പെടെയുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. അതിനാൽ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുൻപോ ഭക്ഷണം കഴിച്ച് ഒന്ന് മുതൽ ഒന്നര മണിക്കൂറിന് ശേഷമോ മാത്രം വെള്ളം കുടിക്കുക.
ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കരുത്
ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ഈ രീതിയിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. വയറ്റിൽ അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കുന്ന തുപ്പലിന്‍റെ പ്രവർത്തനത്തെ ഇത് ബാധിക്കും. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുമ്പോൾ തുപ്പലിന് ഇതുമായി ചേരാൻ കഴിയാതെ വരും. ഇത് വയറ്റിൽ അസ്വസസ്ഥ ഉണ്ടാകാൻ കാരണമാകും. അതിനാൽ ഒറ്റയടിക്ക് ധാരാളം വെള്ളം കുടിച്ച് തീർക്കുന്നതിന് പകരം ഇടയ്ക്കിടെ സിപ് ചെയ്‌ത് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ഇരുന്ന് കൊണ്ട് വെള്ളം കുടിക്കുക
നിന്നോ നടന്നോ വെള്ളം കുടിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തെറ്റായ രീതിയാണെന്ന് പലർക്കും അറിയില്ല. നിന്ന് വെള്ളം കുടിക്കുമ്പോൾ വെള്ളം നേരിട്ട് കുടലിലേക്ക് എത്തുകയും ശരീരത്തിന് വേണ്ട വെള്ളം, പോഷകങ്ങൾ എന്നിവ ആഗിരണം ചെയ്യാൻ കഴിയാതെ വരുകയും ചെയ്യും. ഇത് കിഡ്‌നി, മൂത്രസഞ്ചി എന്നിവയെ ബാധിച്ചേക്കും. അതിനാൽ എപ്പോഴും ഇരുന്നുകൊണ്ട് മാത്രം വെള്ളം കുടിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ