ജമ്മു: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിലെ സാംബ ജില്ലയിലെ നായിക് മുകേഷ് സിങ്ങിന്‍റെ കുടുംബത്തിലേക്ക് ഐഇഡി സ്‌ഫോടനത്തിന്‍റെ രൂപത്തില്‍ ദുര്‍വിധി കടന്നെത്തിയത് അദ്ദേഹത്തിന്‍റെ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ ഇടയിലേക്കാണ്. ഏപ്രില്‍ പതിനെട്ടിനാണ് മുകേഷിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. മകനെ വിവാഹ വേഷത്തില്‍ കാണാനൊരുങ്ങിയിരുന്ന മാതാപിതാക്കളുടെ മുന്നിലേക്കാണ് ദേശീയപതാക പുതച്ച് മകന്‍റെ ജീവനറ്റ ശരീരം എത്തുന്നത്. പൊട്ടിത്തെറിയില്‍ ചിതറിപ്പോയത് മുകേഷിന്‍റെ വിവാഹ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മുകശ്‌മീരിലെ അഖ്‌നൂര്‍ മേഖലയില്‍ അതിര്‍ത്തി പട്രോളിങ്ങിനിടെയുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കാമില ഗ്രാമത്തിലെ ഒരു സൈനികനുമുണ്ടായിരുന്നു. മരിച്ച മറ്റൊരു സൈനികന്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ക്യാപ്റ്റന്‍ കമല്‍ ജിത് സിങ് ബക്ഷിയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം വച്ച് സൈനിക സംഘത്തെ ഉന്നം വച്ച് വൈകിട്ട് 3.50നാണ് ആക്രമണം നടന്നത്.
വിവാഹ ഒരുക്കങ്ങള്‍ക്കായി ഈ മാസം 25ന് വീട്ടില്‍ വരാനിരുന്നതാണ് മുകേഷ്. വിരമിച്ച പൊലീസുദ്യോഗസ്ഥനാണ് മുകേഷിന്‍റെ പിതാവ്. ഇതിനിടെ എത്തിയ മുകേഷിന്‍റെ മരണവാര്‍ത്ത ആ കുടുംബത്തെ തോരാക്കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.
മുകേഷിന്‍റെ മരണമറിഞ്ഞ് തന്‍റെ ഗ്രാമമാകെ തന്നെ ദുഃഖത്തിലായെന്ന് സര്‍പഞ്ച് അറിയിച്ചു. പതിനൊന്ന് വര്‍ഷമായി സൈനിക സേവനം നടത്തുകയാണ് മുകേഷ്. അദ്ദേഹത്തിന്‍റെ സഹോദരനും സൈനികനാണ്.
അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വത്തെ തങ്ങള്‍ ആദരിക്കുന്നു. കര്‍ത്തവ്യത്തിനിടെയാണ് അദ്ദേഹത്തിന് വീരമൃത്യ സംഭവിച്ചിരിക്കുന്നതെന്നും സര്‍പഞ്ച് പറഞ്ഞു. വിവാഹ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്ന വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കം നടത്തേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുമ്പ് മുകേഷ് വീട്ടിലെത്തിയിരുന്നു. ആ സമയത്ത് വിവാഹത്തിനായി വീട് അലങ്കരിക്കുന്നതിനുള്ള വീട്ടുപകരണങ്ങളടക്കമുള്ള വസ്‌തുക്കള്‍ അദ്ദേഹം കൊണ്ടു വന്നിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.
മുകേഷിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പൂര്‍ണ സൈനിക ബഹുമതികളോടെ നടക്കും. വീരമൃത്യു വരിച്ച സൈനികര്‍ക്ക് പുഷ്‌പചക്രം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷമാകുമിത്.
രാജ്യത്തെ കാക്കുന്നതിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ക്യാപ്റ്റന്‍ കമല്‍ജിത് സിങ് ബക്ഷിയ്ക്കും നായിക് മുകേഷിനും ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും സൈന്യത്തിലെ എല്ലാ പദവികളിലുമുള്ളവരും ആദരമര്‍പ്പിക്കുന്നുവെന്ന് നേരത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്‌ടറേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ നഷ്‌ടത്തില്‍ അത്യഗാധമായ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം അവരോടൊപ്പം നില കൊള്ളുമെന്നും തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Also Read: സൈനിക പട്രോളിംഗിനിടെ സ്‌ഫോടനം; ജമ്മുവില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു