ഇടുക്കി: ദ്രാവിഡ കാർഷിക സംസ്‌കാരത്തിന്‍റെ ഓർമപ്പെടുത്തലുമായി ഇടുക്കി വട്ടവടയിൽ മഞ്ചുവിരട്ട് നടന്നു. കാർഷിക ഗ്രാമമായ വട്ടവടയുടെ കാർഷിക പെരുമയുമായി കാളകൂറ്റന്മാർ നിരത്തുകളെ കീഴടക്കി. തമിഴ്‌നാട്ടിലെ ജെല്ലികെട്ടിന് സമാനമായ രീതിയിലാണ് കേരളത്തിന്‍റെ സ്വന്തം കാളയോട്ട മത്സരമായ വട്ടവടയുടെ മഞ്ചുവിരട്ട് നടക്കുന്നത്.
നൂറ്റാണ്ടുകളായി പിന്തുടർന്ന കാർഷിക സംസ്‌കാരത്തിന്‍റെ ഭാഗമായാണ് വട്ടവടയിൽ മഞ്ചുവിരട്ട് നടക്കുന്നത്. ഗ്രാമത്തിലെ പ്രധാന കവലയിലേക്ക് ഉഴവ് മാടുകൾ പാഞ്ഞെത്തുന്ന രീതിയിലാണ് മഞ്ചുവിരട്ട് നടക്കുന്നത്. വിത്ത് ഇറക്കുന്നതിന് മുന്നോടിയായാണ് മഞ്ചുവിരട്ട് ആഘോഷം.
മത്സരത്തിന് മുമ്പ് മന്നാഡിയാരും മന്ത്രിയാരും ഉൾപ്പടെയുള്ള ഗ്രാമ മുഖ്യന്മാരെ ഗ്രാമീണർ പൊതുസ്ഥലത്തേക്ക് ആനയിക്കും. കാർഷിക ജോലികളിൽ സഹായിക്കുന്ന മാടുകളോടുള്ള ആദരവ് കൂടിയാണ് മഞ്ചുവിരട്ട്. മത്സരത്തിന് ഒരു മാസം മുമ്പ് മുതൽ ഇവയെ കൃഷിയിടത്തിൽ ഇറക്കാതിരിക്കും. മികച്ച പരിചരണം നൽകി, കൊമ്പുകളിൽ അലങ്കാരങ്ങളും പതിപ്പിച്ച് ചായം പൂശിയാണ് ഇവയെ മത്സരത്തിന് കൊണ്ടുവരുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാലര നൂറ്റാണ്ട് മുമ്പ്, തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയവരാണ് വട്ടവട നിവാസികളുടെ പൂർവികർ എന്നാണ് വിശ്വാസം. മുൻകാലങ്ങളിൽ ഓടിയെത്തുന്ന കാളകളെ, യുവാക്കൾ കൊമ്പിൽ പിടിച്ചു നിർത്തുമായിരുന്നു. എന്നാൽ ഇത്തവണ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ കാളകളെ പിടിച്ചു നിർത്തുന്നത് ഒഴിവാക്കിയാണ് മഞ്ചുവിരട്ട് നടത്തിയത്.