തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ചരിത്രത്തിലാദ്യമായി ഗോത്ര കലകൾ കൂടി ഇത്തവണ ഉൾപ്പെടുത്തിയിരിക്കുകയാണ്. പതിനഞ്ചാം വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഹയർസെക്കൻഡറി വിഭാഗം പളിയ നൃത്തവും ഇരുളനൃത്തവും അരങ്ങേറുമ്പോൾ പൊതുസമൂഹത്തിന് തീർത്തും അന്യമായിരുന്ന ഗോത്ര കലകൾ പാടി അവതരിപ്പിക്കാൻ കുട്ടികളെ സജ്ജമാക്കിയ പരിശീലകരുടെ പങ്ക് ചെറുതല്ല. പൊതുവിപണിയിൽ ലഭ്യമല്ലാത്ത വാദ്യോപകരണങ്ങളും പ്രത്യേകം തയാറാക്കിയ വേഷവിധാനങ്ങളും നൽകിയാണ് കുട്ടികളെ പരിശീലിപ്പിച്ചതെന്ന് പളിയ നൃത്ത പരിശീലകനും തളിർ ഫോക് ബാൻഡ് അംഗവുമായ സൗന്ദർ കൃഷ്‌ണ ഇടിവി ഭാരതിനോട് പറഞ്ഞു.
ഗോത്ര കലകളെ കുറിച്ച് കുട്ടികൾ പൂർണമായും അജ്ഞരായിരുന്നുവെന്ന് സൗന്ദർ പറയുന്നു. ഗോത്ര കലകൾ എന്ന് കേൾക്കുമ്പോൾ തന്നെ കുട്ടികൾക്ക് പലതരത്തിലുള്ള സംശയങ്ങളായിരുന്നു. ബാംബൂ ബോയ്‌സ് എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളാണ് തങ്ങളും അണിയേണ്ടതെന്ന് പോലും ചോദിച്ചു. പതിയെ എല്ലാം പറഞ്ഞു മനസിലാക്കി.
പളിയ നൃത്തമില്ലെങ്കിലും മറ്റു ഗോത്ര കലകൾക്ക് പൊതുവേദികളിൽ ഇടമുണ്ടായിരുന്നു. താൻ അംഗമായ തളിർ ഫോക് ബാൻഡിൽ നിരവധി കുട്ടികൾക്ക് ഗോത്ര കലകളിൽ പരിശീലനം നൽകിയിട്ടുണ്ട്. ഇത് തുടരുന്നതിനിടെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലും ഗോത്ര കലകളെ ഉൾപ്പെടുത്തിയത്. ഇപ്പോൾ പൊതു സമൂഹം ഗോത്ര കലകളെ തിരിച്ചറിഞ്ഞു തുടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പളിയ ഭാഷയിലെ പാട്ട് പാടിയാണ് നൃത്തം അവതരിപ്പിക്കുന്നത്. വരേറാറ എന്ന പാട്ടാണ് തങ്ങൾ ചിട്ടപ്പെടുത്തിയത്. ഗോത്രദൈവമായ പള്ളിച്ചിയമ്മയെ സ്‌തുതിച്ചുകൊണ്ടുള്ള പാട്ടാണ് വരേറാറ. ഇഞ്ച എന്ന മരത്തിന്‍റെ തോൽ ഉപയോഗിച്ചാണ് പളിയ നൃത്തത്തിന് വേഷവിധാനങ്ങൾ ഒരുക്കുന്നത്.
ഇടുക്കി ജില്ലയിലെ കുമളി ഭാഗത്തെ പളിയ ഗോത്ര വിഭാഗങ്ങൾക്കിടയിൽ കണ്ടുവരുന്ന ഗോത്ര കലാരൂപമാണ് പളിയ നൃത്തം. മുളഞ്ചെണ്ട, നകാര, ഉറുമി എന്നീ വാദ്യോപകരണങ്ങളാണ് പളിയ നൃത്തത്തിന് ഉപയോഗിക്കുന്നത്. ആന മുളയിൽ നിന്നാണ് മുളഞ്ചെണ്ടയുണ്ടാക്കുന്നത്. തമിഴ്‌നാട്ടിലെ വാദ്യോപകരണമാണ് ഉറുമി.
അസമിലെ വാദ്യോപകരണമാണ് നകാര. ഒന്നോ രണ്ടോ പേർ മാത്രമാണ് ഇന്ന് ഇതുണ്ടാക്കുന്നത്. അവരിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. പൊതുവിപണിയിൽ ലഭ്യമല്ലാത്ത വാദ്യോപകരണങ്ങളാണ് ഇവയെല്ലാമെന്നും സൗന്ദർ കൃഷ്‌ണ വ്യക്തമാക്കി.