ബെംഗളൂരു: കർണാടകയിലെ തുംകൂരുവിൽ വനം വകുപ്പിന്‍റെ കെണിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പുള്ളിപ്പുലിയെ സാഹസികമായി പിടികൂടി യുവാവ്. രംഗാപൂർ ഗ്രാമത്തിലാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. പ്രദേശത്ത് ദിവസങ്ങളായി കറങ്ങി നടന്ന പുള്ളിപ്പുലി പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരാതി ഏറിയതോടെയാണ് ഇതിനെ പിടികൂടാന്‍ വനംവകുപ്പ് കെണിയൊരുക്കിയത്. പുരലെഹള്ളി റോഡിലുള്ള കുമാരണ്ണയുടെ കൃഷിയിടത്തിലായിരുന്നു കെണി വച്ചത്. പുലി കൂട്ടില്‍ അകപ്പെട്ടതോടെ ഇതു കാണാന്‍ പ്രദേശവാസികള്‍ തടിച്ചുകൂടി.
ഇവര്‍ ശബ്‌ദമുണ്ടാക്കിയതോടെയാണ് നാല് വയസ് പ്രായമുള്ള പുള്ളിപ്പുലി കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആനന്ദ് എന്ന യുവാവ് ധൈര്യപൂർവം പുള്ളിപ്പുലിയുടെ വാലില്‍ പിടിച്ചു നിര്‍ത്തി. ഇതിന് ശേഷം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുലിയെ കീഴ്‌പ്പെടുത്തുകയും ചെയ്‌തു.
നാട്ടിലിറങ്ങിയ പുലിയെ ഒടുവില്‍ വനമേഖലയിലേക്ക് തന്നെ തിരികെ വിടുകയാണ് ചെയ്‌തത്. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനുപമയുടെ മാർഗനിർദേശപ്രകാരം അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഭരത്, സോണൽ ഫോറസ്റ്റ് ഓഫീസർ കെ എൽ മധു, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.