തിരുവനന്തപുരം : വേർതിരിവുകളും വേലിക്കെട്ടുകളുമില്ലാത്ത സൗഹൃദത്തിൻ്റെ സംഗമം കൂടിയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. വ്യത്യസ്‌തമായ സാമുദായിക പശ്ചാത്തലത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്ന കലാരൂപങ്ങൾ പോലും എല്ലാവരുടേതുമാകുന്നത് ഇതിന് ഉദാഹരണമാണ്. ഇത്തരത്തിൽ സംസ്‌കൃത നാടകാഭിനയത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച പ്രതിഭയാണ് തിരുവനന്തപുരം മടവൂർ എൻഎസ്എസ്എച്ച് എസിലെ വിദ്യാർഥിനിയായ നിസ ഫാത്തിമ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൗരാണിക ഭാഷയായ സംസ്‌കൃതം പഠിച്ച് നാടകത്തിൽ അഭിനയിച്ചുവെന്നതാണ് ഈ കൊച്ചു മിടുക്കിയുടെ പ്രത്യേകത. മാതാപിതാക്കളുടെ പിന്തുണയാണ് തൻ്റെ തീരുമാനത്തെ വിജയിപ്പിച്ചതെന്ന് നിസ ഫാത്തിമ പറഞ്ഞു. മദ്രസയിൽ നിന്ന് അറബി പഠിക്കുന്നതിനാൽ സ്‌കൂളിൽ നിന്ന് സംസ്‌കൃതം പഠിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് നിസ പറഞ്ഞു. സ്‌കൂളിൽ സംസ്‌കൃതം പഠിപ്പിക്കുന്ന മഞ്ജുഷ ടീച്ചറോടുള്ള ഇഷ്‌ടംകൊണ്ട് കൂടിയാണ് സംസ്‌കൃതം പഠിക്കുന്നതെന്നും ഈ കൊച്ചു മിടുക്കി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി സംസ്‌കൃതം പഠിക്കുന്നുണ്ടെങ്കിലും ഇത്തവണയാണ് സംസ്‌കൃത നാടകത്തിൽ അഭിനയിച്ചത്. വൈശാലിയെ പ്രമേയമാക്കി അവതരിപ്പിച്ച സംസ്‌കൃത നാടകത്തിൽ എ ഗ്രേഡ് നേടാനായത് നിസയ്ക്കും കൂട്ടുകാർക്കും സൗഹൃദത്തിൻ്റെയും കൂട്ടായ്‌മയുടെയും വിജയം കൂടിയായിരുന്നു.
കൂട്ടുകാരുടെ പ്രചോദനം കൊണ്ട് കൂടിയാണ് നിസ സംസ്‌കൃത നാടകാഭിനയത്തിൻ്റെ ഭാഗമായത്. തിരുവനന്തപുരം മടവൂർ എൻഎസ്എസ്എച്ച്എസ് സ്‌കൂളിലെ ജയകൃഷ്‌ണൻ, ഗൗരി കൃഷ്‌ണ, മാളവിക, അനാമിക, നിവേദിത നിശാന്ത്, മീര, പാർവതി, കീർത്തി എന്നിവരായിരുന്നു സംസ്‌കൃത നാടകത്തിൽ അഭിനയിച്ചത്. നിസ ഫാത്തിമയുടെ ഉപ്പ റിയാദും ഉമ്മ സലീനയും പഠനത്തിനും കലാ പ്രവർത്തനത്തിനും പിന്തുണയുമായി രംഗത്തുണ്ട്.
Also Read: തഗ്ഗുകളുടെ തുള്ളല്‍ വേദി; ഉല്ലാസപ്പൂന്തോപ്പിലേക്ക് മണവാളനെ ആനയിച്ച് വട്ടപ്പാട്ടുകാര്‍