കേരളം

kerala

ETV Bharat / bharat

സൈബര്‍ അടിമകളായി വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് മലയാളികൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത് - keralites trapped in cyber crimes - KERALITES TRAPPED IN CYBER CRIMES

കമ്പോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് 29,466 ഇന്ത്യാക്കാർ. മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

CYBER SLAVERY ISSUE  CYBER ​​FRAUDS IN THE NAME OF JOBS  Cambodia Job Fraud  Latest Malayalam News
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 2, 2024, 1:31 PM IST

സന്ദര്‍ശക വിസയിലെത്തി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അകപ്പെട്ടു പോയ ഇന്ത്യാക്കാരില്‍ 2569 പേര്‍ മലയാളികൾ. ഇമിഗ്രേഷന്‍ ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. 29,466 ഇന്ത്യാക്കാരാണ് കമ്പോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. 2022 ജനുവരി മുതല്‍ 2024 മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഉയര്‍ന്ന ജോലിയും വന്‍ വേതനവും വാഗ്‌ദാനം ചെയ്‌ത് ഇവിടെയെത്തിച്ച് സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചവരാണ് കുടുങ്ങിക്കിടക്കുന്നവരിലേറെയും. ഇത്തരം തട്ടിപ്പു സംഘങ്ങളുടെ കെണിയില്‍ അകപ്പെടരുതെന്ന മുന്നറിയിപ്പും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ളഇമിഗ്രേഷന്‍ ബ്യൂറോ നല്‍കുന്നു.

ഇമിഗ്രേഷന്‍ ബ്യൂറോ പുറത്ത് വിട്ട വിവരങ്ങള്‍ ഇങ്ങനെ;

  • 2022 ജനുവരി മുതല്‍ 2024 മെയ് വരെ സന്ദര്‍ശക വിസയില്‍ കമ്പോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ 73,138 ഇന്ത്യാക്കാരില്‍ 29,466 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.
  • ഇവരില്‍ പകുതിയിലേറെയും (17,115)20 നും 39 നുമിടയില്‍ പ്രായമുള്ളവരാണ്.
  • പുരുഷന്‍മാരാണിതില്‍ ഭൂരിപക്ഷവും (21,182)
  • ഇവരില്‍ മൂന്നിലൊന്നും പഞ്ചാബ്, മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ.
  • ഇത്തരം കേസുകളുടെ 69 ശതമാനവും റിപ്പോർട്ട് ചെയ്‌തത് തായ്‌ലന്‍ഡില്‍. ഇതില്‍ 20,450 പേരെ കാണാതായി.
  • ഉത്തര്‍പ്രദേശ് (2,946), കേരളം (2,659), ഡല്‍ഹി (2,140)ഗുജറാത്ത് (2,068)ഹരിയാന (1,928) എന്നിങ്ങനെയാണ് കാണാതാവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍.
  • ഇന്ത്യയിലേക്ക് മടങ്ങി വരാത്തവരില്‍ ഭൂരിഭാഗവും (12,493) ഡല്‍ഹി വിമാനത്താവളം വഴി പോയവർ. പിന്നാലെ മുംബൈ (4,699), കൊല്‍ക്കത്ത (2,395), കൊച്ചി (2,296) വിമാനത്താവളങ്ങളും.
  • എത്തിച്ചേര്‍ന്നാലുടന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്, നിക്ഷേപതട്ടിപ്പുകള്‍, മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കോള്‍ സെന്‍ററുകളിലെ ജോലിക്കായി ഇവരെ നിയോഗിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സൈബര്‍ അടിമത്ത കെണികള്‍

സാങ്കേതിക മേഖലകളിലെ വിദഗ്‌ധരടക്കമുള്ള പല ഇന്ത്യാക്കാരും കൂടുതല്‍ വേതനമുള്ള ജോലി പ്രതീക്ഷിച്ചാണ് ദക്ഷിണേഷ്യയിലേക്ക് കുടിയേറുന്നത്. അവര്‍ക്ക് ഒടുവില്‍ സൈബര്‍ തട്ടിപ്പ് കമ്പനികളില്‍ ജീവിതം ഹോമിക്കേണ്ടി വരുന്നു. ഡേറ്റിങ് സൈറ്റുകള്‍, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വ്യാപൃതരാകാന്‍ നിര്‍ബന്ധിതരാകുന്നു.

ദക്ഷിണേഷ്യയിലെ സൈബര്‍ അടിമത്തത്തിന്‍റെ മുഖ്യകേന്ദ്രമായ കമ്പോഡിയയില്‍ മാത്രം ഏകദേശം അയ്യായിരം ഇന്ത്യാക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് മാര്‍ച്ചില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇക്കൊല്ലം മാര്‍ച്ചിന് മുമ്പുള്ള ആറ് മാസം കൊണ്ട് ഇന്ത്യാക്കാരെ ഉപയോഗിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

ഇന്ത്യാക്കാരെ ലക്ഷ്യമിട്ടുള്ള സൈബര്‍ തട്ടിപ്പുകളില്‍ 45 ശതമാനം വര്‍ദ്ധനയുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ (14സി) യുടെ വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാക്കാനാകുന്നത്. ഇവയെല്ലാം ദക്ഷിണേഷ്യന്‍ മേഖലകളില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. 2023 ജനുവരി മുതല്‍ ഒരു ലക്ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

നിരവധി ഇന്ത്യാക്കാര്‍ ഇത്തരം സൈബര്‍ കുറ്റവാളികളുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന പരാതികള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. സ്വന്തം താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിരവധി പേരെ സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിക്കുന്നുമുണ്ട്.

ഇക്കഴിഞ്ഞ മെയ്‌മാസം കമ്പോഡിയയില്‍ 360 ഇന്ത്യാക്കാര്‍ സൈബര്‍ അടിമകളായി പ്രവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഓഗസ്‌റ്റില്‍ തമിഴ്‌നാട്ടില്‍ നിന്ന് ആയിരത്തിലേറെ പേര്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ കമ്പോഡിയ, തായ്‌ലന്‍ഡ്, വിയറ്റ്നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സൈബര്‍ അടിമകളായി പ്രവര്‍ത്തിക്കാന്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ആളുകള്‍ പോകുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ഓഗസ്‌റ്റില്‍ ഡേറ്റിങ് ആപ്പ് തട്ടിപ്പില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായ 47 ഇന്ത്യാക്കാരെ ലാവോസില്‍ നിന്ന് രക്ഷപ്പെടുത്തി. ഇത്തരത്തില്‍ കുടുങ്ങിയ നൂറ് കണക്കിന് പേരെ ഇന്ത്യന്‍ സര്‍ക്കാരോ, രാജ്യാന്തര സംഘടനകളോ, എന്‍ജിഒകളോ ചേർന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

എന്താണ് സൈബര്‍ അടിമത്തം?

ആധുനികമായ ഒരു ചൂഷണ രീതിയാണ് സൈബര്‍ അടിമത്തം. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തുടങ്ങുന്ന ഇത് ശാരീരികമായ മനുഷ്യക്കടത്തിലേക്ക് എത്തുന്നു. അടുത്തിടെയായി സൈബര്‍ അടിമത്തം ആഗോളതലത്തില്‍ തന്നെ ഗുരുതര ഭീഷണിയായി മാറിയിട്ടുണ്ട്.

നിര്‍ബന്ധിതമായി ഓണ്‍ലൈന്‍ തട്ടിപ്പുകൾക്ക് വേണ്ടി ജോലി ചെയ്യിക്കൽ അടക്കമുള്ളവയ്ക്കാണ് ഇരകൾ വിധേയരാകുന്നത്. ഇവര്‍ക്ക് നാമമാത്രമായ സ്വാതന്ത്ര്യമാണ് കിട്ടുന്നത്. ഇവരുടെ സമ്പാദ്യവും പിടിച്ച് വയ്ക്കപ്പെടുന്നു. ഇവരെ നിയന്ത്രിക്കാനായി ശാരീരിക, മാനസീക പീഠന മുറകൾ ഉപയോഗിക്കുന്നു.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് വന്‍തോതില്‍ പണവും നഷ്‌ടമാകുന്നു. ഈ സൈബര്‍ അടിമകള്‍ നടത്തിയ തട്ടിപ്പിലൂടെ 800 കോടി രൂപയുടെ നഷ്‌ടം ഇന്ത്യാക്കാര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവന്ന ഏകദേശ കണക്ക്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എങ്ങനെയാണ് സൈബര്‍ അടിമത്തം നടപ്പാക്കുന്നത്.?

ആദ്യ ഘട്ടമായി ഡേറ്റ എന്‍ട്രി ജോലികള്‍ എന്ന പേരില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരെ കണ്ടെത്തുന്നു. കമ്പോഡിയ, ലാവോസ് പോലുള്ള രാജ്യങ്ങളില്‍ എത്തിച്ചേരുന്ന ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ ആദ്യം തന്നെ തട്ടിപ്പ് സംഘങ്ങള്‍ കൈക്കലാക്കുന്നു. തുടർന്ന് ഇന്ത്യാക്കാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് നടത്താനുള്ള ഫോൺ കോളുകള്‍ ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു.

ഇതില്‍ മിക്ക കോളുകളും പെണ്‍കെണി പോലുള്ളവയാണ്. ഇവരോട് സാമൂഹ്യ മാധ്യമങ്ങളില്‍ സ്‌ത്രീകളുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നു. പിന്നീട് ക്രിപ്റ്റോ കറന്‍സി നിക്ഷേപം മുതല്‍ ഡേറ്റിങ് വരെയുള്ള തട്ടിപ്പുകള്‍ ഇവര്‍ വഴി നടത്തുന്നു. ഇരകള്‍ ഒരിക്കല്‍ പണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നെ ഇവരുടെ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടികള്‍

  • 217 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടികളുടെ ഭാഗമായി റദ്ദാക്കി. ഇതിന് പുറമെ 226,000 ഹാന്‍ഡ് സെറ്റുകളുടെ ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ചെയ്‌തു.
  • ആഭ്യന്തരമന്ത്രാലയം, ഇമിഗ്രേഷന്‍ ബ്യൂറോ, ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂണിറ്റ്, റിസര്‍വ് ബാങ്ക്, വിവര സാങ്കേതിക മന്ത്രാലയം, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ ആഭ്യന്തര മന്ത്രിതല സമിതിക്ക് രൂപം നല്‍കി.
  • ടെലികോം ഓപ്പറേറ്റര്‍മാരോട് ഇന്ത്യന്‍ നമ്പരുകളില്‍ നിന്ന് നടത്തുന്ന രാജ്യാന്തര തട്ടിപ്പ് കോളുകള്‍ തടയാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇങ്ങോട്ടേക്ക് എത്തുന്ന രാജ്യാന്തര കോളുകളില്‍ 35 ശതമാനം തടയാനായി.
  • ഹോങ്കോങ്, കമ്പോഡിയ, ലാവോസ്, ഫിലിപ്പൈന്‍സ്, മ്യാന്‍മര്‍, തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ റോമിങ് സൗകര്യമുള്ള നമ്പരുകളുടെ വിശദാംശങ്ങളും ടെലികോം കമ്പനികള്‍ ശേഖരിച്ചതായി ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ നിയന്ത്രണങ്ങള്‍

മനുഷ്യക്കടത്ത് ഭരണഘടനയിലെ അനുച്‌ഛേദം 23(1) ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണം 1956 ലെ ഇമ്മോറല്‍ ട്രാഫിക് (തടയല്‍) നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 2023 ലെ 111-ാം ഭാഗത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ തടയാനുള്ള സമഗ്രമായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്‍റലിജന്‍സ് വിവരങ്ങള്‍ പങ്കിടാന്‍ ഇന്ത്യ ചില രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് തടയാനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഒന്നിച്ച് പോരാടാനും ഉള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

Also Read: സൈബര്‍ തൊഴില്‍ തട്ടിപ്പ്: കംബോഡിയയില്‍ നിരവധി ഇന്ത്യാക്കാര്‍ ദുരിതത്തില്‍; തട്ടിപ്പിന് നേതൃത്വം നല്‍കുന്നവരില്‍ മലയാളികളും

ABOUT THE AUTHOR

...view details