ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി വ്യാജ പരസ്യം നല്‍കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി), രാഷ്ട്രീയ ജനതാദൾ (ആർജെഡി) എന്നീ പാര്‍ട്ടികളുടെ നേതാക്കളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അടങ്ങിയ പരസ്യം സോഷ്യൽ മീഡിയയിൽ ബിജെപി പോസ്‌റ്റ് ചെയ്‌തെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
വ്യാജ പരസ്യം മാതൃകാ പെരുമാറ്റച്ചട്ടവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചെന്നും ബിജെപിക്കെതിരെ നടപടി എടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നവംബർ 9-ന് ബിജെപി ഫോര്‍ ജാർഖണ്ഡ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്‌റ്റു ചെയ്‌ത പരസ്യത്തിനെതിരെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
'പ്രസ്‌തുത പരസ്യത്തിൽ JMM, INC, RJD എന്നീ പാര്‍ട്ടികളുടെ നേതാക്കളോട് സാമ്യമുള്ള അഭിനേതാക്കളെ ബിജെപി ഉപയോഗിച്ചു. ഇതിനുപിന്നാലെ നേതാക്കൾക്കെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചു. ഈ നേതാക്കൾ ആദിവാസി വിരുദ്ധരാണെന്ന തരത്തിലാണ് ബിജെപി വ്യാജ പരസ്യം നല്‍കിയത്' എന്നും കോണ്‍ഗ്രസ് പരാതിയില്‍ വ്യക്തമാക്കുന്നു. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണ് ഇതെന്നും, രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ വ്യാജ വിവരങ്ങള്‍ നല്‍കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പെരുമാറ്റചട്ടം ബിജെപി ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.