ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിടാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനായി അടുത്തമാസം ഒന്നിന് ഇന്ത്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം കോണ്‍ഗ്രസ് വിളിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ മെനയലാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട. വിവിധ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടുന്നത് സംബന്ധിച്ചും സഖ്യത്തിലെ അധികാര ശ്രേണിയ്ക്ക് രൂപം നല്‍കുന്നതും യോഗത്തിന്‍റെ അജണ്ടയാണ്.
സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ഡല്‍ഹിയിലാണ് ചേരുന്നത്. ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നമ്മള്‍ ഒരുങ്ങിയിരിക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന്‍റെ ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യ സഖ്യം തികഞ്ഞ ശുഭപ്രതീക്ഷയിലാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷമായ 272 എന്ന മാന്ത്രിക സംഖ്യ കടക്കുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. അവസാന ഘട്ട പോളിങ്ങ് ജൂണ്‍ ഒന്നിനാണ്.
കോണ്‍ഗ്രസ്- സമാജ് വാദി സഖ്യം ആദ്യമായാണ് ദേശീയ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി അംഗം അവിനാഷ് പാണ്ഡെ പറഞ്ഞു. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ഇന്ത്യ സഖ്യം കോര്‍ഡിനേഷന്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പതിനേഴ് സീറ്റുകളില്‍ കോണ്‍ഗ്രസും 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയുമാണ് ജനവിധി തേടുന്നത്.
നാല്‍പ്പത് ദിവസം കൊണ്ട് താന്‍ ഏഴായിരം കിലോമീറ്റര്‍ താണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് മുമ്പില്ലാത്ത വിധം ഇരുകക്ഷികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള സഹകരണത്തിന് കാരണമായിട്ടുണ്ട്. ഇതിന്‍റെ ഫലമായി ഇന്ത്യ സഖ്യം പകുതിയിലേറെ സീറ്റുകള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന് പന്ത്രണ്ട് സീറ്റുകളെങ്കിലും ലഭിക്കും. തന്‍റെ കാഴ്‌ചപ്പാടില്‍ ഇന്ത്യ സഖ്യത്തിന് നിഷ്പ്രയാസം സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
അവിനാഷ് പാണ്ഡെയുടെ അതേ കാഴ്‌ചപ്പാടുകള്‍ തന്നെയാണ് ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബിഎം സന്ദീപ് കുമാറും പ്രകടിപ്പിച്ചത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ പ്രകടനം മോശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യത്തിന് കേവലഭൂരിപക്ഷം കിട്ടും. അഞ്ച് ഘട്ടങ്ങളില്‍ നാടകീയമായി സാഹചര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. ഒരു ഘട്ടം കൂടി നടക്കാനുമുണ്ട്.