ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേട് സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന സര്‍ക്കാരുകള്‍ പരീക്ഷ നടത്തുന്ന നേരത്തെയുള്ള സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് രാജ്യത്തെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഗുരുതരമായ വിഷയമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പരീക്ഷ പേപ്പര്‍ ചോര്‍ച്ച, പരീക്ഷ നടത്തിപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത്, ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ എന്നിവയെല്ലാം ഏറെ ഗൗരവതരമാണ്. ഇവയെല്ലാം ഇല്ലാതാക്കുന്നത് നിരവധി വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളെയാണ്. 2017ന് മുമ്പുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കണം.
ഇത്തരം സംവിധാനത്തില്‍ പരീക്ഷകളെല്ലാം സുഗമമായാണ് നടന്നത്. അതുകൊണ്ട് പരീക്ഷ നടത്തിപ്പിനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്നും മമത ബാനര്‍ജി കത്തില്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പിനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം ഇല്ലാതാക്കിയത് തികച്ചും അസ്വീകാര്യമാണ്. ഈ സംവിധാനം വലിയ അഴിമതികള്‍ക്ക് കാരണമായി.
ഇതിലൂടെ പണമുള്ളവര്‍ക്ക് പരീക്ഷയില്‍ വിജയിക്കാമെന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചു. എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ സംവിധാനം ഏറെ വെല്ലുവിളിയാകുന്നുണ്ട്. പരീക്ഷ നടത്തിപ്പിന്‍റെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണം. ഇത് വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി കത്തില്‍ പറഞ്ഞു.
Also Read:'നീറ്റില്‍' നീറിപ്പുകഞ്ഞ് പാര്‍ലമെന്‍റ്;വീണ്ടും സമ്മേളിച്ചപ്പോഴും സഭ പ്രക്ഷുബ്‌ധം, തിങ്കളാഴ്‌ച വരെ ലോക്‌സഭ നിര്‍ത്തി വച്ചു