ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇനി 5 പുതിയ അതിഥികൾ കൂടി. ദേശീയോദ്യാനത്തിലെ ചീറ്റകളിലൊന്നായ ജമിനിയാണ് ഇന്ന് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് (Cheetah Gamini Gave Birth To Five Cubs In Kuno National Park in Madhya Pradesh). ഇതോടെ കുനോ ദേശീയോദ്യാനത്തിലെ ആകെ ചീറ്റകളുടെ എണ്ണം 26 ആയി ഉയർന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് (Bhupender Yadav) എക്‌സിലൂടെ അറിയിച്ചു. ചീറ്റക്കുഞ്ഞുങ്ങളുടെയും അമ്മയുടെയും ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ചീറ്റ പ്രൊജക്‌ടിന്‍റെ ഭാഗമായാണ് (Cheetah Reintroduction Project in India) ജമിനിയെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കയിലെ ത്‌സ്വലു കലഹാരി റിസർവിൽ നിന്നാണ് 5 വർഷം പ്രായമായ ജമിനിയെ ഇന്ത്യയിലേക്കെത്തിച്ചത്. ഇതോടെ ഇന്ത്യയിൽ ജനിക്കുന്ന ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 13 ആയി. ഇന്ത്യയിലേക്ക് പറിച്ചു നട്ട നാലാമത്തെ ചീറ്റപ്പുലിയാണ് ജമിനി. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ആദ്യത്തെ ചീറ്റപ്പുലിയെന്ന പ്രത്യേകതയും ജമിനിക്കുണ്ട്.