ചണ്ഡീഗഡ്:കർഷക നേതാക്കളുമായി വീണ്ടും ചർച്ച ചെയ്യാനൊരുങ്ങി കേന്ദ്രം. കുറഞ്ഞ താങ്ങുവിലയ്‌ക്ക് (എംഎസ്‌പി) നിയമപരമായ പരിരക്ഷ നൽകുന്നത് സംബന്ധിച്ചാണ് ചർച്ചകള്‍ നടക്കുക. പ്രതിവർഷം 25,000-30,000 കോടി രൂപ ചെലവ് കണക്കാക്കി എംഎസ്‌പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നതാണ് കർഷകരുടെ ആവശ്യം. ചർച്ചകള്‍ സൗഹാർദപരമായിരുന്നുവെന്നും മാർച്ച് 19ന് വീണ്ടും ചർച്ച നടത്തുമെന്നും കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
കേന്ദ്രത്തിനു വേണ്ടി കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നരേന്ദ്ര മോദി സർക്കാരിൻ്റെ മുൻഗണന പദ്ധതിയായ കർഷക ക്ഷേമ പദ്ധതിയെ യോഗത്തിൽ അവതരിപ്പിച്ചതായി ശിവരാജ് സിങ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ കർഷക നേതാക്കളായ ജഗ്‌ജിത് സിങ് ദല്ലേവാളിൻ്റെയും സർവാൻ സിങ് പാന്ദറിൻ്റെയും അഭിപ്രായങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
28 അംഗ കർഷക പ്രതിനിധി സംഘവുമായാണ് മന്ത്രി കൂടിക്കാഴ്‌ച നടത്തിയത്. മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. പഞ്ചാബ് കാബിനറ്റ് മന്ത്രിമാരായ ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് ഖുഡിയാൻ, ലാൽ ചന്ദ് കടരുചക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
താങ്ങുവില സംബന്ധിച്ചുള്ള പ്രശ്‌നം മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്‌തത്. എംഎസ്‌പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നത് സംബന്ധിച്ച് കർഷകർ അവതരിപ്പിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കർഷകർ പങ്കിട്ട വിവരങ്ങളിൽ വിശദാംശം തേടിയിട്ടുണ്ടെന്നും ഹർപാൽ സിങ് ചീമ പറഞ്ഞു. മാർച്ച് 19ന് നടക്കുന്ന അടുത്ത യോഗത്തിൽ എല്ലാത്തിലും ധാരണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യകതമാക്കി.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കമ്മിഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസിപി) ആണ് ഓരോ വർഷവും കൃഷിച്ചെലവിൻ്റെ അടിസ്ഥാനത്തിൽ എംഎസ്‌പി പ്രഖ്യാപിക്കുന്നതിനുള്ള ചുമതല. സിഎസിപി നിയമസാധുതയുള്ള സമിതിയല്ല. ഇവർ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്‌ക്കും നിയമ സാധുതയില്ല എന്നതാണ് കർഷകരുടെ പ്രധാന പ്രശ്‌നം.
Also Read: ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ അപകടം; എഞ്ചിനീയർ ഉള്‍പ്പെടെ എട്ട് പേരുടെ രക്ഷാ പ്രവർത്തനം തുടരുന്നു... - SLBC TUNNEL COLLAPSE