ബെംഗളൂരു (കർണാടക) : ജനതാദൾ (സെക്യുലർ) നേതാവ് എച്ച് ഡി ദേവഗൗഡയെ വിമർശിച്ച് കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. പാർട്ടിയുടെ നിലനിൽപ്പിനായി അദ്ദേഹം ഭാരതീയ ജനത പാർട്ടിയുമായി (ബിജെപി) സഖ്യമുണ്ടാക്കിയെന്നായിരുന്നു വിമർശനം (Deve Gowda Aligned With BJP For Survival, Says Karnataka C M Siddaramaiah). എച്ച് ഡി ദേവഗൗഡയുടെ മുൻ പ്രസ്‌താവനയെ പരിഹസിച്ച സിദ്ധരാമയ്യ, നരേന്ദ്രമോദി പ്രധാനമന്ത്രിയായാൽ രാജ്യം വിടുമെന്ന് പറഞ്ഞത് അദ്ദേഹം മറന്നോയെന്നും ചോദിച്ചു.
മുൻ പ്രധാനമന്ത്രി ദേവഗൗഡ ഇപ്പോൾ ബിജെപിയുമായി കൈകോർത്തു എന്നറിഞ്ഞപ്പോൾ താൻ വളരെ ആശ്ചര്യപ്പെട്ടുവെന്ന് ഞായറാഴ്‌ച (10-03-2024) കങ്കേരിയിൽ നടന്ന അധ്യാപകരുടെ സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി സിദ്ധരാമയ്യ പറഞ്ഞു. താനും നരേന്ദ്രമോദിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ദേവഗൗഡ ഇപ്പോൾ പറയുന്നതെന്ന് സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയായതെന്നും അദ്ദേഹം ചോദിച്ചു.
ദേവഗൗഡ ഇപ്പോൾ നരേന്ദ്രമോദിയെ പുകഴ്ത്തുകയാണെന്നും, അവർ ഇരട്ട നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രി ഇങ്ങനെ പറയുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. അടുത്ത ജന്മത്തിൽ മുസ്ലീമായി ജനിക്കാൻ ആഗ്രഹിക്കുന്നുവെന്നും, എന്നും ബിജെപിക്ക് എതിരാണെന്നും ദേവഗൗഡ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടിയുടെ നിലനിൽപ്പിനായി അദ്ദേഹം ബിജെപിയുമായി ചേർന്നിരുക്കുകയാണെന്ന് സിദ്ധരാമയ്യ വിമർശിച്ചു.
ദേവഗൗഡ രാഷ്‌ട്രീയമായി എന്ത് തീരുമാനമെടുത്താലും ശരി. അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജനങ്ങൾ കണ്ണടച്ച് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് ദേവഗൗഡ കരുതുന്നത്. എന്നാൽ ജനങ്ങൾക്ക് ഇപ്പോൾ ചിന്തിക്കാൻ അറിയാമെന്നും, ഇപ്പോൾ അങ്ങനെയൊരു സാഹചര്യമല്ല ഉള്ളതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ അധ്യാപക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പി പുട്ടണ്ണ വിജയിച്ചതിന്‍റെ പശ്ചാത്തലത്തിൽ കാങ്കേരിയിൽ ചേർന്ന അധ്യാപകരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ടീച്ചേഴ്‌സ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പി പുട്ടണ്ണയുടെ വിജയത്തെക്കുറിച്ചും സിദ്ധരാമയ്യ പറഞ്ഞു. "അധ്യാപകർ തന്നെ പിന്തുണയ്ക്കുമെന്ന് പുട്ടണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും 2002 ൽ ജനങ്ങളുടെ അനുഗ്രഹത്തോടെയാണ് താൻ വിജയിച്ചതെന്നും പി പുട്ടണ്ണ പറഞ്ഞിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതിനുശേഷം അഞ്ച് തവണ അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ ശബ്‌ദമായി അദ്ദേഹം കാര്യക്ഷമമായി പ്രവർത്തിച്ചു.