ന്യൂഡല്‍ഹി: എഎപി നേതാക്കളായ സഞ്ജയ് സിങും സൗരഭ് ഭരദ്വാജും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കടക്കുന്നത് തടഞ്ഞു. ബിജെപിയുടെ സ്‌ഫടിക സൗധ വിവാദങ്ങളുടെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനായി മാധ്യമങ്ങളെ ഇങ്ങോട്ടേക്ക് ക്ഷണിച്ചതിന്‍റെ പിന്നാലെയാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചും ഉദ്യോഗസ്ഥരെ വിന്യസിച്ചുമാണ് 6,ഫ്ലാഗ്സ്റ്റാഫ് റോഡ്, ബംഗ്ലാവിലേക്ക് ഇവര്‍ കടക്കുന്നത് തടഞ്ഞത്. അരവിന്ദ് കെജ്‌രിവാളിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഫടിക കൊട്ടാരമാക്കി മാറ്റിയെന്ന ബിജെപിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വസതി സന്ദര്‍ശിക്കാന്‍ എഎപി മാധ്യമങ്ങളെ ക്ഷണിച്ചത്.
തങ്ങള്‍ക്ക് അവിടെ പ്രവേശിക്കാന്‍ അനുമതി കിട്ടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ വസതിയില്‍ പോകുന്നതിന് അനുമതി എന്തിനെന്നായിരുന്നു സിങിന്‍റെയും ഭരദ്വാജിന്‍റെയും ചോദ്യം. പിന്നീട് അവര്‍ വസതിയില്‍ പ്രവേശിക്കാന്‍ ഉദ്യോഗസ്ഥരോട് അനുമതി ചോദിക്കുന്നതാണ് കണ്ടത്.
''ആരാണ് ഞങ്ങളെ തടയാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത്?. ഞാന്‍ ഒരു മന്ത്രിയാണ്. ഇവിടെ പരിശോധനയ്ക്ക് എത്തിയതാണ്, നിങ്ങള്‍ക്ക് ഞങ്ങളെ എങ്ങനെ തടയാനാകും. മുഖ്യമന്ത്രിയുടെ വസതിയില്‍ കയറുന്നതിന് തങ്ങള്‍ക്ക് എന്തിനാണ് അനുമതി'' എന്നും ഇവര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മാത്രമാണ് തങ്ങള്‍ക്ക് മുകളിലുള്ളത്. അദ്ദേഹം ഞങ്ങളെ വിലക്കണമെന്ന് പറഞ്ഞോ എന്നും ഇവര്‍ ചോദിച്ചു.
തങ്ങള്‍ മുഖ്യമന്ത്രിയുടെ വസതി സന്ദര്‍ശിച്ചെന്നും ബിജെപി ആരോപിക്കുന്ന സ്വര്‍ണ കവാടവും നീന്തല്‍ക്കുളവും മിനി ബാറും ഒക്കെ കണ്ടുപിടിക്കാന്‍ നോക്കിയെന്ന് പിന്നീട് ഭരദ്വാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതെല്ലാം സര്‍ക്കാരിന്‍റെ വസതികളാണ്. നികുതിദായകരുടെ പണം കൊണ്ട് നിര്‍മ്മിച്ചത്. ഫണ്ടുകളുടെ കാര്യത്തില്‍ എന്തെങ്കിലും ആരോപണങ്ങളുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തങ്ങള്‍ കൊണ്ടുപോകാമെന്നും സിങും ഭരദ്വാജും പറഞ്ഞു. അതൊരു രാജകൊട്ടാരമാണെന്നും എഎപി പറഞ്ഞു. 2700 കോടി രൂപ ചെലവിട്ടാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. എഎപി നേതാക്കള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനുള്ള പ്രതികരണമാണിത്.
മുഖ്യമന്ത്രിയുടെ വസതിയുടെ നവീകരണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന ബിജെപിയുടെ ആരോപണം വലിയ വിവാദങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. വിലകൂടിയ വസ്‌തുക്കള്‍ ഇവിടെ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ ആണ് ഇത്തരം ആരോപണങ്ങള്‍. സ്വര്‍ണ കമാനങ്ങളടക്കം ഇവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ കെജ്‌രിവാള്‍ അധികാരമൊഴിഞ്ഞതോടെ അത് കാണാതായെന്നും ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് നല്‍കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും എഎപി ചോദിക്കുന്നു. എന്നാല്‍ തങ്ങള്‍ അവരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുകയാണെന്നും എഎപി വ്യക്തമാക്കി.