വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മോദി സംസ്ഥാനത്ത് എത്തുന്നത്.
നാളെ അദ്ദേഹം പതിനെട്ടാം പ്രവാസി ഭാരതീയ ദിവസം ഒഡിഷയിലെ ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്യും. ഹരിതോര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുകയും അത് വഴി സുസ്ഥിര ഭാവിയിലേക്കും രാജ്യത്തെ നയിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എനര്‍ജി ലിമിറ്റഡ് ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് വിശാഖപട്ടണത്തിന് സമീപമുളള്ള പുഡിമഡക്കുഡയില്‍ തുടക്കം കുറിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1,85,000 കോടി രൂപയുടെ പദ്ധതിയാണിത്. 20 ജിഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊര്‍ജ്ജ ശേഷിയുള്ള പദ്ധതിക്കടക്കമുള്ള നിക്ഷേപമാണിത്. രാജ്യത്തെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ഉത്പാദന കേന്ദ്രങ്ങളിലൊന്നാണിത്. 1500 ടിപിഡി ഹരിത ഹൈഡ്രജനും 7500 ടിപിഡി ഹരിത ഹൈഡ്രജന്‍ അനുബന്ധ വാതകങ്ങളായ ഗ്രീന്‍ മെഥനോള്‍, ഗ്രീന്‍ യൂറിയ, സുസ്ഥിര വിമാന ഇന്ധനം, എന്നിവയും ഉത്പാദിപ്പിക്കും. പ്രധാനമായും കയറ്റുമതി വിപണിയെ ലക്ഷ്യമിട്ടാണ് ഇവയുടെ ഉത്പാദനം.
2030ഓടെ രാജ്യത്തെ ഫോസില്‍ ഇതര ഇന്ധന ശേഷി 500 ജിഗാവാട്ടിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതിയാണിത്. ഇതിന് പുറമെ ആന്ധ്രാപ്രദേശില്‍ 19500 കോടി രൂപയുടെ വിവിധ റെയില്‍, റോഡ് പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. വിശാഖപട്ടണത്തെ ദക്ഷിണ തീര റെയില്‍വേ ആസ്ഥാനത്തിന് തറക്കല്ലിടല്‍ അടക്കമുള്ള പദ്ധതികളാണിത്.
ഈ പദ്ധതികള്‍ തിരക്ക് കുറയ്ക്കാനും യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനും പ്രാദേശിക സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അനകപ്പള്ളി ജില്ലയിലെ നക്കപ്പള്ളിയില്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിനും അദ്ദേഹം തറക്കല്ലിടും. എല്ലാവര്‍ക്കും താങ്ങാനാകുന്ന വിധത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന കാഴ്‌ചപ്പാടോടെയുള്ള പദ്ധതിയാണിത്. ബള്‍ക്ക് ഡ്രഗ് പാര്‍ക്ക് ആയിരക്കണക്കിന് തൊഴിലുകള്‍ സൃഷ്‌ടിക്കാന്‍ സഹായിക്കും. വിശാഖപട്ടണം-ചെന്നൈ വാണിജ്യ ഇടനാഴി, വിശാഖപട്ടണം-കാക്കിനഡ പെട്രോളിയം, കെമിക്കല്‍, പെട്രോ കെമിക്കല്‍ നിക്ഷേപ മേഖല എന്നിവയുമായുള്ള സാമീപ്യം മൂലം സാമ്പത്തിക വളര്‍ച്ചയെയും ഇത് ത്വരിതപ്പെടുത്തും. ആന്ധ്രാപ്രദേശ് ജില്ലയിലെ തിരുപ്പതി ജില്ലയില്‍ ചെന്നൈ-ബെംഗളുരു വാണിജ്യ ഇടനാഴിക്ക് കീഴില്‍ കൃഷ്‌ണപട്ടണം വാണിജ്യ മേഖലയ്ക്കുള്ള തറക്കല്ലിടലും നിര്‍വഹിക്കും.
ദേശീയ വാണിജ്യ ഇടനാഴി വികസന പദ്ധതിക്ക് കീഴിലുള്ള പ്രമുഖ പദ്ധതിയാണ് കൃഷ്‌ണപട്ടണം വാണിജ്യ മേഖല. ഹരിത വാണിജ്യ സ്‌മാര്‍ട്ട് സിറ്റി എന്ന കാഴ്‌ചപ്പാടോടെയാണ് ഇത് നടപ്പാക്കുന്നത്. 10,500 കോടി നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയും ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്‌ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇത് മേഖലയിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പുരോഗതിക്കും സഹായകമാകുമെന്നും വിലയിരുത്തുന്നു.
ഒഡിഷയില്‍ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്‍റെ പ്രമുഖ പരിപാടികളില്‍ ഒന്നായാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തെ കരുതുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് പരസ്‌പരം ആശയവിനിമയം നടത്താനുള്ള ദിനമായി ഇതിനെ കരുതുന്നു.
ഒഡിഷ സര്‍ക്കാരുമായി സഹകരിച്ചാണ് പതിനെട്ടാമത് പ്രവാസി ഭാരതീയ ദിനം ആചരിക്കുന്നത്. ജനുവരി എട്ടുമതുല്‍ പത്ത് വരെയാണ് ഇതോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വികസിത ഭാരതത്തിന് പ്രവാസി സമൂഹത്തിന്‍റെ സംഭാവനകള്‍ എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ വിഷയം. 50ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്‌ത് കഴിഞ്ഞിട്ടുണ്ട്. പ്രവാസി ഭാരതീയ എക്‌സ്‌പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് വേണ്ടിയുള്ള പ്രത്യേക വിനോദസഞ്ചാര ട്രെയിനാണിത്. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിന്‍ നിരവധി വിനോദസഞ്ചാര, മത പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മൂന്നാഴ്‌ച സര്‍വീസ് നടത്തും. പ്രവാസി തീര്‍ത്ഥ ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവാസി ഭാരതീയ എക്‌സ്‌പ്രസ് യാത്ര.
നാവിക സേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് 4.15ന് എത്തിച്ചേരുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യ പവന്‍ കല്യാണും ചേര്‍ന്ന് സ്വീകരിക്കും.
റോഡ് ഷോ
4.45ന് മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കൂറ്റന്‍ റോഡ് ഷോ നടക്കും. സിരിപുരം മുതല്‍ എയു എന്‍ജിനീയറിങ് കോളജ് മൈതാനം വരെയാണ് യാത്ര. നിയമസഭ വേദിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി വിവിധ പദ്ധതികള്‍ക്ക് മോദി തുടക്കം കുറിക്കും.
1200 ഏക്കറിലായാണ് അനകപ്പള്ളി ജില്ലയിലെ പുഡിമഡക്കയിലെ എന്‍ടിപിസി ഇന്‍റഗ്രേറ്റഡ് ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുന്നത്. കൃഷ്‌ണപട്ടണം വാണിജ്യ ഹബ്ബ് 1500 കോടി രൂപ ചെലവിട്ടാണ് സ്ഥാപിക്കുന്നത്. നക്കംപള്ളിയിലെ കൂറ്റന്‍ മരുന്ന് നിര്‍മ്മാണ പാര്‍ക്കിന് 1800 കോടിയാണ് ചെലവ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് തെലുഗില്‍ പോസ്റ്റ് ചെയ്‌തു. തനിക്ക് ഏറെ സന്തോഷകരമായ സന്ദര്‍ശനമാണ് ഇതെന്നും അദ്ദേഹം കുറിച്ചു.
മോദിയെ സ്വാഗതം ചെയ്‌ത് കൊണ്ട് മുഖ്യമന്ത്രി നായിഡു മറുപടി ട്വീറ്റും നടത്തി. സംസ്ഥാനത്തിന്‍റ വികസനത്തിന് ഏറെ നിര്‍ണായകമായ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.