ലക്‌നൗ: ദിനംപ്രതി നിരവധി കുറ്റകൃത്യങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്. പല കേസുകളിലും ചെറിയ തുമ്പുകള്‍ വച്ചാവും പൊലീസ് പ്രതികളെ കുരുക്കുന്നത്. പല കേസുകളും സിനിമാക്കഥയെ വെല്ലുന്നവയുമാവും. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍.
മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് ഭീഷണിക്കത്തിലെ അക്ഷരത്തെറ്റ് പിന്തുടര്‍ന്ന് പൊലീസ് പൊളിച്ചത്. 27-കാരനായ സന്ദീപാണ് മൂത്ത സഹോദരനില്‍ നിന്നും 50,000 രൂപ തട്ടാനായി ശ്രമം നടത്തിയത്. ജനുവരി 5-നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.
ഹർദോയ് ജില്ലയിലെ ബന്ദാര ഗ്രാമത്തിൽ നിന്നുള്ള കോൺട്രാക്‌ടറായ സഞ്ജയ് കുമാറാണ് തന്‍റെ സഹോദരന്‍ സന്ദീപിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. സന്ദീപിനെ മോചിപ്പിക്കുന്നതിന് 5,000 രൂപ ആവശ്യപ്പെട്ട് ഒരു അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചു. തുക നല്‍കിയില്ലെങ്കില്‍ സഹോദരനെ കൊന്നുകളയുമെന്നാണ് സന്ദേശത്തിലുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഹോദരനെ കെട്ടിയിട്ട ചില വീഡിയോകളും തനിക്ക് ലഭിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എസ്‌പി നീരജ് കുമാർ ജാദൗണാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. ഇതിന്‍റെ ഭാഗമായി അദ്ദേഹം സഞ്ജയ് കുമാറിന് ഇംഗ്ലീഷ് ഭാഷയില്‍ ലഭിച്ച ഭീഷണി സന്ദേശം പരിശോധിച്ചു. അപ്പോഴാണ് 'DEATH' എന്ന വാക്കിന്‍റെ സ്‌പെല്ലിങ് തെറ്റിച്ച് "DETH" എന്നാണ് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ ഈ പ്രവൃത്തിക്ക് പിന്നിലുള്ള വ്യക്തിക്ക് വലിയ വിദ്യാഭ്യാസം ഇല്ലെന്ന സൂചന അദ്ദേഹത്തിന് ലഭിച്ചു.
സഞ്ജയ് കുമാറിനെ ചോദ്യം ചെയ്‌തപ്പോള്‍ അയാള്‍ക്ക് ശത്രുക്കളില്ലെന്നും പൊലീസ് മനസിലാക്കി. മോചനദ്രവ്യം അത്ര വലുതല്ലെന്ന കാര്യവും പൊലീസിനെ കാര്യമായി തന്നെ ചിന്തിപ്പിച്ചു. ഇതിനിടെ സന്ദീപിന്‍റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ഇയാളെ രൂപാപൂരിൽ കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ ഭീഷണി സന്ദേശം ഒരിക്കല്‍ കൂടി സന്ദീപിനെക്കൊണ്ട് പൊലീസ് എഴുതിച്ചു.
ഇതിലും പ്രതി 'DEATH' എന്ന വാക്ക് "DETH" എന്ന് എന്ന് തന്നെയാണ് എഴുതിയതെന്ന് എസ്‌പി നീരജ് കുമാർ ജാദൗണ്‍ പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയതായും 'സിഐഡി' എന്ന ജനപ്രിയ ക്രൈം സീരിയൽ കണ്ടതിനു ശേഷമാണ് സഹോദരനിൽ നിന്ന് പണം തട്ടാനുള്ള ഈ ഐഡിയ തനിക്ക് ലഭിച്ചതെന്ന് പറഞ്ഞതായും എസ്‌പി കൂട്ടിച്ചേര്‍ത്തു. മിർസാപൂരിലെ ഒരു ചൂരൽ കടയിലെ ജോലിക്കാരനായിരുന്നു സന്ദീപ്.
അടുത്തിടെ സഹാബാദിൽ വെച്ച് ഇയാളുടെ ബൈക്ക് ഇടിച്ച് ഒരു വൃദ്ധന്‍റെ കാല്‍ ഒടിഞ്ഞിരുന്നു. വൃദ്ധന്‍ ആവശ്യപ്പെട്ട നഷ്‌ടപരിഹാരത്തുക തന്‍റെ പക്കല്‍ ഇല്ലാതിരുന്നതിനാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ പറഞ്ഞതായും എസ്‌പി വ്യക്തമാക്കി.