പതിറ്റാണ്ടുകളായി ഇലക്ട്രോണിക്‌സ് രംഗത്തെ സ്വാധീനിച്ച ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നിനെ രൂപപ്പെടുത്തിയ പ്രമുഖ വ്യവസായിരുന്നു അന്തരിച്ച ടിപിജി നമ്പ്യാര്‍. പാലക്കാട്ട് ജനിച്ച നമ്പ്യാര്‍ ബിപിഎല്‍ എന്ന ബ്രാൻഡിനെ രാജ്യത്തിന്‍റെ നെറുകയിലെത്തിച്ചു. യുകെയിലും യുഎസിലും നിന്ന് സ്വന്തമാക്കിയ അനുഭവപരിചയവുമായി 1960കളിലാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് തിരിയുന്നത്.
ഇതിന്‍റെ ഭാഗമായി 1963ല്‍ അദ്ദേഹം ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തു. പാലക്കാടു നിന്നും ആരംഭിച്ച് ബെംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ബിപിഎല്ലിന്‍റെ വളര്‍ച്ച. ആദ്യം പ്രതിരോധ സേനയ്ക്കായി പാനൽ മീറ്ററുകൾ നിർമിച്ച് കമ്പനി ബിസിനസ് ആരംഭിച്ചു.
തുടക്കത്തില്‍ തന്നെ നമ്പ്യാർക്ക് ബിപിഎൽ ഒരു ബ്രാൻഡായി സൃഷ്‌ടിക്കാൻ അതിമോഹമായിരുന്നു. ബ്രിട്ടീഷ് കമ്പനിയുമായുള്ള സംയുക്ത സംരംഭമായിരുന്നു ബിപിഎല്‍. ഭാരത് ഇലക്ട്രോണിക്‌സിന്‍റെ ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ പോലെയുള്ള കൃത്യത അളക്കുന്നതിനുള്ള ഉപകരണങ്ങളായിരുന്നു പ്രാരംഭ ഉല്‍പന്നങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആരോഗ്യ സംരക്ഷണ ഉപകരണങ്ങളിൽ നിന്ന് ഉപഭോക്തൃ ഇലക്ട്രോണിക്‌സിലേക്കുള്ള ബിസിനസ് വിപുലീകരണത്തെക്കുറിച്ച് അദ്ദേഹം ശുഭാപ്‌തി വിശ്വാസിയായിരുന്നു. 1982-ലെ ഏഷ്യൻ ഗെയിംസിന് ശേഷം, കളർ ടിവികളും, കാസറ്റ് റെക്കോർഡറുകൾ, റഫ്രിജറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ മറ്റ് ഗാർഹിക ഉപകരണങ്ങള്‍ നിര്‍മിച്ച് ഇന്ത്യയിലെ ഇലകട്രോണിക് വ്യവസായ രംഗത്ത് അദ്ദേഹം വിപ്ലവം സൃഷ്‌ടിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ, ബിപിഎൽ മെഡിക്കൽ ഉപകരണങ്ങളിൽ നിന്ന് സോഫ്റ്റ് എനർജി, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിലേക്ക് വ്യാപിച്ചു. വ്യാവസായിക ലൈസൻസിങ്ങിൽ ഇളവ് വരുത്തി 1980-കളിൽ, BPL ജപ്പാനിലെ സാൻയോ ഇലക്ട്രിക് കമ്പനിയുമായി ഒരു സാങ്കേതിക കൈമാറ്റ കരാറുമായി സഹകരിക്കാൻ തുടങ്ങി. 4,300 കോടി രൂപ വാർഷിക വരുമാനവുമായി ബിപിഎൽ ഇലക്ട്രോണിക് വ്യവസായിക രംഗത്ത് വൻ മുന്നേറ്റം നടത്തി.
സാധാരണക്കാരുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച കളര്‍ ടിവിയുടെ ഉദയം
ബിപിഎൽ കളർ ടിവിയുടെ അവതരണമാണ് ഇലകട്രോണിക് വ്യവസായ രംഗത്തെ പൊൻതൂവലായി കാണുന്നത്. 1990കളില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ കളര്‍ ടിവിയെന്ന സ്വപ്‌നം സാക്ഷാല്‍കരിച്ചത് ടിജിപി നമ്പ്യാരുടെ ബിപിഎല്‍ ആയിരുന്നു. 1982-ലെ ഏഷ്യൻ ഗെയിംസിന് പിന്നാലെയാണ് വലിയ സ്‌ക്രീനിലും വിസിആറിലും രാജ്യത്ത് കളര്‍ ടിവി അവതരിപ്പിച്ചത്. അന്ന് ഭൂരിഭാഗം വീടുകളിലും ബിപിഎല്‍ കളര്‍ ടിവിയായിരുന്നു ഉപയോഗിച്ചിരുന്നത്.
കളര്‍ ടിവിയിലൂടെ ബിപിഎല്‍ ബ്രാൻഡ് എന്ന സ്വപ്‌നം സഫലമാക്കിയ നമ്പ്യാര്‍ പിന്നീട് റഫ്രിജറേറ്ററുകൾ, ബാറ്ററികൾ തുടങ്ങിയ മറ്റ് ഗാർഹിക ഉപകരണങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ അന്ന് സര്‍വാധിപത്യം പുലര്‍ത്താൻ ബിപിഎല്‍ ബ്രാന്‍ഡിന് കഴിഞ്ഞിരുന്നു. 200 ഓളം ഇലക്ട്രിക് ഉപകരണങ്ങള്‍ അന്ന് ബിപിഎല്‍ വിപണിയില്‍ എത്തിച്ചിരുന്നു. അധ്യാപക, സര്‍ക്കാര്‍ ജോലികള്‍ മാത്രം സ്വപ്‌നം കണ്ടിരുന്ന കേരളത്തിലെ ജനതയെ എഞ്ചിനീയറിങ്, ഇലക്ട്രോണിക് ഉള്‍പ്പെടെ സ്വകാര്യ വ്യവസായ മേഖലകളിലെ തൊഴിലുകളിലേക്ക് പ്രാപ്‌തമാക്കിയതില്‍ നമ്പ്യാര്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.