മുംബൈ:ട്രേഡ് മാർക്ക് ലംഘന കേസിൽ യുഎസ് കമ്പനി ബർഗർ കിങ്ങിന് ഇടക്കാല ആശ്വാസം. ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിൽ നിന്നും പൂനെയിലെ ഭക്ഷണശാലയെ താത്‌കാലികമായി ബോംബെ ഹൈക്കോടതി വിലക്കി. പൂനെയിലെ പ്രദേശിക ഭക്ഷണശാലയ്‌ക്കെതിരെ ഇടക്കാല നിരോധനം ആവശ്യപ്പെട്ടിട്ടുള്ള കമ്പനിയുടെ അപേക്ഷ കോടതി സെപ്‌റ്റംബര്‍ ആറിന് പരിഗണിക്കും.
ജസ്റ്റിസുമാരായ എ.എസ് ചന്ദൂർക്കർ, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. "ബർഗർ കിങ് " എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് ഭക്ഷണശാലയെ തടഞ്ഞുകൊണ്ട് 2012 ജനുവരിയിൽ പൂനെ കോടതി നൽകിയ ഇടക്കാല ഉത്തരവ് നീട്ടുമെന്ന് ഹൈക്കോടതി പറഞ്ഞു. ഒരു സാധാരണ റെസ്റ്റോറന്‍റ് തങ്ങളുടെ ബ്രാൻഡ് നെയിം ആയ "ബർഗർ കിങ് " എന്ന പേര് ഉപയോഗിക്കുന്നത് കാരണം ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടായെന്ന് കാണിച്ച് 2011-ലാണ് കമ്പനി കോടതിയെ സമീപിച്ചത്.
ഇത് വലിയ നഷ്‌ടം വരുത്തി. ഈ പേര് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണം എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം പൂനെയിലെ ബർഗർ കിങ് കോർപറേഷനും ഹൈക്കോടതിയെ സമീപിച്ചു. പൂനെയിലെ ഭക്ഷണശാല യുഎസ് ബ്രാൻഡ് ആയ ബർഗർ കിങ് ഇന്ത്യയിൽ ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനെക്കാൾ 12 വർഷം മുൻപ് വന്നിട്ടുണ്ടെന്ന് ഉടമസ്ഥർ കോടതിയിൽ വാദിച്ചു.