കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ സ്‌പീക്കർ ബിമൻ ബാനർജിയില്‍ സത്യവാചകം ഏറ്റുവാങ്ങി അധികാരത്തിലേറിയ രണ്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർക്ക് പിഴ ചുമത്തുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. ശരിയായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്താൽ പ്രതിദിനം 500 രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
സ്‌പീക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഭരണഘടന വിരുദ്ധമാണെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഭാഗ്ബംഗോള സീറ്റില്‍ നിന്ന് വിജയിച്ച റേയത്ത് ഹുസൈൻ, ബാരനഗർ സീറ്റില്‍ നിന്ന് വിജയിച്ച സായന്തിക ബാനർജി എന്നിവര്‍ക്കാണ് സ്‌പീക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇവരുടെ സത്യപ്രതിജ്ഞയ്ക്കായി സ്പീക്കർ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുകയായിരുന്നു.