ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ക്ക് അഭയം നൽകുമെന്ന ബംഗാൾ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. മമത ബാനർജിയുടെ പരാമര്‍ശം നിരവധി സംശയങ്ങളുണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച് ഇന്ത്യ ഗവൺമെന്‍റിന് നയതന്ത്ര കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹ്മൂദ് പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്ന് നയതന്ത്ര കുറിപ്പ് ലഭിച്ചുവെന്ന് സ്ഥിരീകരിച്ച വിദേശകാര്യ വാക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യന്‍ ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിലെ 10ാം ഭാഗത്തിന്‍റെ പ്രസക്തി എടുത്തുപറഞ്ഞു. ഇന്ത്യയും വിദേശ രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാനുളള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായി നല്‍കുന്ന ഭാഗമാണിത്. കൂടാതെ, 'ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഞങ്ങള്‍ക്ക് അറിയാം. അവിടെയുള്ള സംഭവവികാസങ്ങൾ സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിലവിലുള്ള സാഹചര്യം അവരുടെ ആഭ്യന്തര പ്രശ്‌നമായാണ് കണക്കാക്കുന്നത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.