ചണ്ഡീഗഡ് : ഖഡൂര്‍ സാഹിബിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപി അമൃത്‌പാൽ സിങ് പഞ്ചാബ് സർക്കാരിന് കത്തെഴുതി. സത്യപ്രതിജ്ഞ ചെയ്യാൻ വിട്ടയക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് കസ്റ്റഡിയിൽ ലോക്‌സഭയിൽ എത്തിക്കണമെന്നും അമൃത്‌പാൽ സിങ് കത്തിൽ ആവശ്യപ്പെട്ടു. ഭിന്ദ്രന്‍വാലയുടെ പിന്‍ഗാമിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനശ്രദ്ധ നേടിയ ആളാണ് അമൃത്പാല്‍ സിങ്.
ഖലിസ്ഥാന്‍ അനുകൂല വിഘടനവാദ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ദേശസുരക്ഷ നിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. പഞ്ചാബിലെ പ്രധാന സീറ്റുകളിലൊന്നായ ഖഡൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നാണ് വിഭാഗീയ മുഖമായി ഉയർന്നുവന്ന സ്വതന്ത്ര സ്ഥാനാർഥി അമൃത്‌പാൽ സിങ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഒന്നരലക്ഷത്തോളം വോട്ടുകൾക്ക് അദ്ദേഹം എതിരാളികളേക്കാൾ മുന്നിലാണ്.
ഖഡൂര്‍ സാഹിബ് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി കുൽബീർ സിങ് സിറ 188568 (-159099) രണ്ടാമതും ആം ആദ്‌മി പാർട്ടി സ്ഥാനാർഥി ലാൽജിത് ഭുള്ളർ 177502 (-170165) വോട്ടുകൾ നേടി മൂന്നാമതുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമൃത്പാൽ സിങ്ങിനെതിരെ പലപ്പോഴും പ്രസ്‌താവനകൾ ഉയര്‍ത്തിയ അകാലി സ്ഥാനാർഥി വിർസ സിങ് വൽതോഹ മത്സരത്തിൽ നിന്ന് വിട്ടുനിന്നു.