അമേഠി: രണ്ടാം വട്ട വിജയം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ സ്‌മൃതി ഇറാനിക്ക് ഇക്കുറി അമേഠിയില്‍ കാലിടറി. കേന്ദ്ര വനിത ശിശു വികസന മന്ത്രി കൂടിയായ ഇറാനി പരാജയപ്പെട്ടത് ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനായ കിശോരി ലാല്‍ ശര്‍മയാണ് അമേഠിയില്‍ സ്‌മൃതിയെ നേരിടാന്‍ നിയോഗിക്കപ്പെട്ടത്.
പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്‍റെ നെടുംകോട്ടകളില്‍ ഒന്നായിരുന്നു അമേഠി. അതുകൊണ്ടുതന്നെ രാഷ്‌ട്രീയമായി രാജ്യത്തിനും ഏറെ പ്രാധാന്യമുള്ള മണ്ഡലം. എന്നാല്‍ 2019ല്‍ സ്‌മൃതി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇവിടെ പരാജയപ്പെടുത്തി.
ഇക്കുറിയും ബിജെപി സ്‌മൃതിയെ തന്നെ കളത്തിലിറക്കി. എന്നാല്‍ തങ്ങളുടെ അഭിമാന മണ്ഡലം തിരിച്ച് പിടിക്കാന്‍ വിശ്വസ്‌തനായ കിശോരി ലാലിനെ നിയോഗിക്കുകയായിരുന്നു ഗാന്ധി കുടുംബം. പിന്നീട് രാഹുല്‍ ഗാന്ധി റായ്‌ബറേലിയില്‍ നിന്ന് ജനവിധി തേടി. കിശോരി ലാലിനോടുള്ള സ്‌മൃതിയുടെ പരാജയം എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടിയാണ്.