മുംബൈ: മുംബൈയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്‍റെ സമയം പുനഃക്രമീകരിച്ചു. ഇന്ന് രാവിലെ 10:30 നാണ് വിമാനം പുറപ്പെടുക. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന AI 179 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വൈകുകയും പിന്നീട് സമയം പുനഃക്രമീകരിക്കുകയും ചെയ്‌തത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു മുംബൈയില്‍ നിന്നും സാൻഫ്രാൻസിസ്‌കോയിലേക്ക് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, വിമാനം പുറപ്പെടുന്നതിന് മുന്‍പായി സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന്, വിമാനത്തിൽ എൻജിനീയറിങ് പരിശോധന നടത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തു.
ഇതിനിടെ ചില യാത്രികാര്‍ യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചു. അവരുടെ ബാഗേജുകള്‍ മാറ്റുന്നതിനായും സമയം വൈകി. ഇതിന് പിന്നാലെ ഒരു യാത്രക്കാരന് ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയും ചെയ്‌തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയ യാത്രക്കാരനെ ഡീബോർഡ് ചെയ്‌ത ശേഷം, വിമാനം സാൻ ഫ്രാൻസിസ്കോയിൽ എത്തുമ്പോഴേക്കും രാത്രി ലാൻഡിംഗ് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനത്തിന്‍റെ സമയം പുനഃക്രമീകരിച്ചത്.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും, അവർക്ക് ഹോട്ടൽ താമസവും കോംപ്ലിമെന്‍ററി റീഷെഡ്യൂളിംഗും മുഴുവൻ റീഫണ്ടുകളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ALSO READ:എയർഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ മംഗലാപുരത്തിറക്കി; രാത്രി മുഴുവന്‍ യാത്രക്കാര്‍ വിമാനത്തിനകത്ത്, പരാതി