മുംബൈ : അഹമ്മദ്‌നഗർ ജില്ലയുടെ പേര് അഹില്യ നഗർ എന്നാക്കി പുനര്‍നാമകരണം ചെയ്‌ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ഇന്ന് (13-03-2024) ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അഹമ്മദ്‌നഗർ ജില്ലയുടെ പേര് മാറ്റാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. പതിനെട്ടാം നൂറ്റാണ്ടിലെ മറാത്ത രാജ്ഞി അഹല്യഭായ് ഹോൾക്കറുടെ സ്‌മരണയ്‌ക്കാണ് അഹമ്മദ്‌നഗർ നഗരത്തിന്‍റെ പേര് 'പുണ്യശ്ലോക് അഹല്യ ദേവി നഗർ' എന്ന് പുനർനാമകരണം ചെയ്യാൻ കാബിനറ്റ് അനുമതി നൽകിയതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി എക്‌സില്‍ അറിയിച്ചു.
അഹമ്മദ്‌നഗറിന് പുറമേ, മുംബൈയിലെ എട്ട് സബർബൻ റെയിൽവേ സ്റ്റേഷനുകളുടെ ബ്രിട്ടീഷ് കാലത്തെ പേരുകൾ മാറ്റാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. സെൻട്രൽ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും നടത്തുന്ന മുംബൈയിലെ സബർബൻ ശൃംഖലയുടെ വെസ്റ്റേൺ, സെൻട്രൽ, ഹാർബർ ലൈനുകളിലായാണ് ഈ എട്ട് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്.
മന്ത്രിസഭയ്ക്ക് മുന്നില്‍ വെച്ച നിർദ്ദേശ പ്രകാരം, കറേ റോഡ് സ്റ്റേഷന്‍റെ പേര് ലാൽബാഗ് എന്നാകും. സാൻഡ്‌ഹർസ്റ്റ് റോഡ് സ്റ്റേഷൻ ഡോംഗ്രി, മറൈൻ ലൈൻ സ്‌റ്റേഷൻ മുംബാദേവി, ചാർണി റോഡ് സ്റ്റേഷൻ ഗിർഗാവ്, കോട്ടൺ ഗ്രീൻ സ്റ്റേഷൻ കാലാചൗക്കി, ഡോക്ക്‌യാർഡ് റോഡ് സ്റ്റേഷൻ മസ്‌ഗാവ്, കിംഗ്സ് സർക്കിളിനെ തീർഥങ്കർ പാർശ്വനാഥ് എന്നിങ്ങനെയാണ് പുനർനാമകരണം ചെയ്യുക. സെൻട്രൽ, ഹാർബർ ലൈനുകളിൽ സർവീസ് നടത്തുന്നതിനാൽ സാൻഡ്‌ഹർസ്റ്റ് റോഡ് സ്റ്റേഷൻ രണ്ട് സ്റ്റേഷനുകളായാണ് കണക്കാക്കുന്നത്.