ഗുവാഹത്തി:ജനുവരി 31 വരെ സംസ്ഥാനത്ത് നിന്ന് 30,101 പേരെ നാടുകടത്തിയെന്ന് അസം മന്ത്രി അതുല്‍ബോറ നിയമസഭയെ അറിയിച്ചു. 2023 ഡിസംബര്‍ വരെ സംസ്ഥാനത്ത്1,59,353 വിദേശികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 30,101 വിദേശികളെയാണ് അസം നിയമപ്രകാരം നാടുകടത്തിയതെന്ന് മന്ത്രി അതുല്‍ബോറ വ്യക്തമാക്കിയത്(State minister Atul Bora).
സംസ്ഥാനത്ത് എത്ര ബംഗ്ലാദേശികള്‍ ഉണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. നിയമസഭ സമാജികന്‍ അമിനുല്‍ ഇസ്ലാം ആണ് ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്. തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ കാര്യത്തിലും അസം നിയമത്തിലെ ആറാം അനുച്ഛേദപ്രകാരം അസമികളായവര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സംരക്ഷണത്തെയും കുറിച്ച് കേന്ദ്രസര്‍ക്കാരുമായി ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ചകള്‍ നടന്നോ എന്നും അദ്ദേഹം ആരാഞ്ഞു(Assam Accord).
നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ജനുവരി 31 വരെ 203 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. സംസ്ഥാന നിയമത്തിലെ ആറാം ഉപവകുപ്പിനെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ വകുപ്പിനൊപ്പം എല്ലാ വകുപ്പുകളും സമിതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുവരെ സമിതിയുമായി അഞ്ച് തവണ ചര്‍ച്ചകളും നടത്തി. ആധികാരിക പഠനത്തിനും പുനപ്പരിശോധനയ്ക്കും ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.