ചെന്നെെ :ശ്രീലങ്കൻ നാവികസേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾ കൊളൊമ്പോയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. എക്‌സിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്.
"നാട്ടിലേക്ക് മടങ്ങുന്നു! 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ നിന്ന് തിരിച്ചയച്ചു, ഇപ്പോൾ കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലാണ്." - എന്നായിരുന്നു എംബസി എക്‌സിൽ പങ്കുവച്ച കുറിപ്പ്.
ഈ അടുത്തകാലത്തായി നിരവധി ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. ദീർഘകാലമായി തങ്ങൾ നേരിടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പരാതികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുന്നതിനായി ഫെബ്രുവരി 5 ന് പ്രതീകാത്മക പണിമുടക്ക് നടത്തുകയും തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് രൂപരേഖ തയ്യാറാക്കുകയും ചെയ്‌തിരുന്നു.
തങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനായുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വോട്ടർ ഐഡി കാർഡ് കേന്ദ്ര സർക്കാരിന് തിരികെ നൽകുകയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്യുമെന്ന് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്‍റെ അതിവേഗ ഇടപെടൽ ഉണ്ടായത്.
Also Read: 'ശ്രീലങ്കന്‍ പിടിയിലുള്ള മത്സ്യത്തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിന്‍
മേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി എത്രയും വേഗം ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്‌തിരുന്നു. ശ്രീലങ്കൻ നാവികസേന പിടികൂടുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം ഗണ്യമായ വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയ തമിഴ്‌നാട് മുഖ്യമന്ത്രി പ്രശ്‌നം പരിഹരിക്കുന്നതിന് ജോയിൻ്റ് ആക്ഷൻ ഗ്രൂപ്പ് പുതുക്കണമെന്നും പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു.