കൃഷി ഓഫീസർ ഇല്ല ; അവതാളത്തിലായി കാഞ്ചിയാർ കൃഷിഭവൻ - kanchiyar Agriculture Office
🎬 Watch Now: Feature Video
Published : Jan 26, 2024, 12:06 PM IST
ഇടുക്കി : കാഞ്ചിയാർ കൃഷിഭവനിൽ ഓഫീസർ സ്ഥലം മാറിപ്പോയ ശേഷം പുതിയ ഉദ്യോഗസ്ഥന്‍ എത്താതായതോടെ ഓഫീസിന്‍റെ പ്രവർത്തനങ്ങൾ അവതാളത്തില്‍. മൂന്നുമാസം മുൻപാണ് കൃഷി ഓഫീസർ സ്ഥലംമാറിപ്പോയത്. എന്നാൽ തുടർന്ന് പുതിയ കൃഷി ഓഫീസറെ നിയമിക്കുന്നതിന് വകുപ്പ് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. നിലവിൽ ഉപ്പുതറ കൃഷി ഓഫീസർക്കാണ് അധികച്ചുമതല (kanchiyar Agriculture Office). എന്നാൽ ഉപ്പുതറ കൃഷി ഓഫീസ് പരിധിയിൽ ഏറെ സ്ഥലങ്ങൾ ഉള്ളതിനാൽ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് സേവനം ലഭ്യമാവുക. ഇതോടെ കർഷകർക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങൾ മുടങ്ങി. കർഷകർക്കായി വാർഷിക പദ്ധതിയിൽ പഞ്ചായത്ത് പ്രഖ്യാപിച്ച സേവനങ്ങൾ പോലും കൃഷി ഓഫീസുമായി ചേർന്ന് നടപ്പാക്കാനാകാത്ത സ്ഥിതിയാണ്. റമ്പൂട്ടാൻ തൈ വിതരണം, ജൈവ വള വിതരണം, ജലസേചന പമ്പ്‌സെറ്റ് വിതരണം, മഞ്ഞൾ, ഇഞ്ചി കൃഷിക്കാവശ്യമായ സഹായങ്ങൾ എന്നിവ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ പഞ്ചായത്ത് ഒരുക്കിയിരുന്നു. എന്നാൽ കൃഷി ഓഫീസറില്ലാതായതോടെ ഇവയുമായി ബന്ധപ്പെട്ട നടപടികൾ നിലച്ചു. പഞ്ചായത്തുമായി ചേർന്നുനടത്തേണ്ട ജൈവവള വിതരണം പോലും അലങ്കോലപ്പെട്ടിരിക്കുകയാണെന്ന് പഞ്ചായത്ത് അംഗം ജോമോൻ തെക്കേൽ ആരോപിച്ചു. കാഞ്ചിയാർ മേഖലയിൽ കുരുമുളകിന് രോഗം പടർന്നുപിടിക്കുന്നുണ്ടെങ്കിലും പരിഹാരം നിർദേശിക്കാൻ കൃഷി വകുപ്പിന് കഴിയുന്നില്ല. ഒട്ടേറെ കർഷകരുള്ള പ്രദേശത്ത് കൃഷി ഓഫീസറില്ലാതായതോടെ മുഴുവൻ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. കൃഷി ഓഫീസറെ (Agriculture Officer ) നിയമിച്ച് കർഷകർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കണമെന്ന് നാളുകളായി കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.