വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം ഇതാദ്യമല്ല ; സ്വാശ്രയ നയത്തിൽ ഉറച്ച് സിപിഐഎം - സ്വാശ്രയ വിദ്യാഭ്യാസ നയം
🎬 Watch Now: Feature Video
Published : Feb 7, 2024, 3:36 PM IST
കണ്ണൂര്‍ : സ്വകാര്യ നിക്ഷേപത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോൾ തന്നെ സ്വകാര്യ നിക്ഷേപമുണ്ട്, നിരവധി സ്വാശ്രയ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അതിനെ കുറേക്കൂടി ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വിജ്ഞാന സമ്പത്ത് മുന്നോട്ടു പോകാൻ സാധിക്കുന്ന രീതിയിൽ ദശലക്ഷക്കണക്കിന് വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യയും വിദ്യാഭ്യാസവും ബന്ധപ്പെടുത്തി പുതിയ കോഴ്‌സ് പുതിയ പഠനരീതി എന്നിങ്ങനെ കോർത്തിണക്കി മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് പഠന രീതിയിലെ ലോകത്തെ വിവിധ ആശയങ്ങളും സാമൂഹിക പ്രതിബദ്ധതയോടെ യോജിപ്പിച്ചു കൊണ്ടുള്ള മാറ്റത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ആശങ്കയറിയിച്ച എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും ആയി ചർച്ച ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം ഇപ്പോൾ ഉള്ളതല്ല. മൂലധന നിക്ഷേപം വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റേത് നിഷേധാത്മക നിലപാടാണെന്നും കേരളത്തെ ഒരുതരത്തിലും മുന്നോട്ടു പോകാൻ വിടാത്ത പ്രതിപക്ഷത്തിന് ഒരു മാറ്റവും ഇല്ലെന്നും ഗോവിന്ദൻ മാസ്‌റ്റർ കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ നയത്തെ ഇടതു സർക്കാർ ശക്തമായി എതിർക്കുന്നുണ്ട്. കേരളത്തിലെ കുട്ടികൾ കൂടുതലും വിദേശത്തേക്ക് പോകുന്നുവെന്നും പുതിയ നയത്തോടെ അതുണ്ടാകില്ലെന്നും വമ്പിച്ച മൂലധന നിക്ഷേപം അതിന് വേണമെന്നും എംവി ഗോവിന്ദൻ മാസ്‌റ്റർ കൂട്ടിച്ചേർത്തു.