നിര്‍മാണം വേഗത്തിലായതോ?; പൊളിച്ചു മാറ്റാൻ നിശ്ചയിക്കപ്പെട്ട വാഹനം ആശുപത്രി കോമ്പൗണ്ടിന്‍റെ മതിൽ കെട്ടിനുള്ളിലായി - വാഹനം മതിൽ കെട്ടിനുള്ളിലായി
🎬 Watch Now: Feature Video
കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ പൊളിച്ചു മാറ്റാൻ നിശ്ചയിക്കപ്പെട്ട വാഹനം മതിൽ കെട്ടിനുള്ളിലായി. മതിലുകളും മറ്റു നിർമാണങ്ങളും നടന്നപ്പോൾ വാഹനത്തെ പുറത്തെത്തിക്കാനുള്ള വഴികളെല്ലാം അടയ്ക്കപ്പെടുകയായിരുന്നു. കേരള ഹെൽത്ത് റിസർച്ച് സൊസൈറ്റി കണ്ണൂർ റീജിയണൽ മാനേജരുടെ കാര്യാലയത്തിനു മുന്നിലാണ് പഴയ ടാറ്റാ സുമോ കിടക്കുന്നത്.
മൾട്ടി സ്പെഷ്യാലിറ്റിയായി ഉയർത്തപ്പെടുന്ന പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആശുപത്രി കോമ്പൗണ്ടിൽ മതിൽ കെട്ടിനുള്ളിൽ ഒരു പഴയ ടാറ്റാ സുമോ പെട്ടുപോയത്. കേരള ഹെൽത്ത് റിസർച്ച് സൊസൈറ്റി കണ്ണൂർ റീജിയണൽ മാനേജരുടെ കാര്യാലയത്തിൻ്റെ പടിഞ്ഞാറു ഭാഗത്തെ മുറ്റത്താണ് ആരോഗ്യവകുപ്പിൻ്റെ KL 01 AB 5038 നമ്പർ വാഹനം കിടക്കുന്നത്. കൊവിഡ് കാലത്തെ സേവനത്തിനായി എത്തിച്ച വാഹനം രണ്ടു വർഷത്തിലേറെയായി പ്രവർത്തനരഹിതമായി ഇവിടെ കിടക്കുകയാണ്.
2018 ൽ ഫിറ്റ്നസ് കാലാവധി അവസാനിച്ച വാഹനമാണിത്. 19 വർഷം പഴക്കമുള്ളതാണ് വാഹനം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചു മാറ്റണമെന്നാണ് സർക്കാർ ഉത്തരവ്. ഇതുപ്രകാരം പൊളിച്ചു മാറ്റാൻ നിശ്ചയിക്കപ്പെട്ട വാഹനമാണിത്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ഇനി ഈ വാഹനം കിടക്കുന്നിടത്തു വച്ച് പൊളിക്കലല്ലാതെ മറ്റൊരു വഴിയുമില്ല. പലവിധ നിർമാണ പ്രവർത്തനങ്ങൾ നടന്നതോടെ വാഹനം പുറത്തെത്തിക്കാൻ മറ്റ് മാർഗങ്ങളില്ലാതായി. കണ്ടംനേഷനു വേണ്ടി വാഹനം ഇവിടെ നിന്നും മാറ്റണമെങ്കിൽ മതിലോ മറ്റേതെങ്കിലും നിർമാണമോ പൊളിച്ചു മാറ്റണമെന്നതാണ് അവസ്ഥ. ഒച്ചിൻ്റെ വേഗത്തിൽ ഇഴയുന്ന സർക്കാർ ഫയലുകളുടെ ജീവനുള്ള മറ്റൊരുദാഹരണമായി മാറുകയാണ് മതിലിനകത്തു പെട്ട ഈ സർക്കാർ വാഹനം.