രണ്ട് മാസത്തിനുള്ളിലെ രണ്ടാമത്തെ മോഷണം; കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നു - Mahadeva Temple Ernakulam
🎬 Watch Now: Feature Video
Published : Jan 4, 2024, 5:38 PM IST
എറണാകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം (Theft Case In Koothattukulam Mahadeva Temple Ernakulam). രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണിത്. ക്ഷേത്രത്തിന്‍റെ ഉൾവശത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. ക്ഷേത്ര ചുറ്റമ്പലത്തിന്‍റെ വാതിൽ കുത്തിത്തുറന്നാണ് മോഷടാവ് അകത്ത് പ്രവേശിച്ചത്. പുലർച്ചെ മേൽശാന്തി ക്ഷേത്രം തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. കൂത്താട്ടുകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന് പിൻവശത്തെ റബർ തോട്ടത്തിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ നാണയത്തുട്ടുകൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഒന്നരമാസത്തിന് മുൻപും സമാനമായി ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്ന് പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്‌തിരുന്നു. വെളിയന്നൂർ സ്വദേശി വേലായുധനായിരുന്നു ഈ കേസിൽ പൊലീസിന്‍റെ പിടിയിലായത്. ക്ഷേത്ര നമസ്‌കാര മണ്ഡപത്തിനോടു ചേർന്നുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ചായിരുന്നു അന്ന് മോഷണം നടത്തിയത്. പ്രദക്ഷിണ വഴിയോട് ചേർന്ന് ഓഫിസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് മേശയുടെ വലിപ്പുകളും തകർത്തിരുന്നു. ക്ഷേത്ര ചുറ്റമ്പലത്തിന്‍റെ വടക്കുഭാഗത്തെ ഓട് ഇളക്കി മാറ്റിയായിരുന്നു അന്ന് മോഷ്‌ടാവ് അകത്ത് കടന്നത്. ക്ഷേത്രത്തിൽ മോഷണം ആവർത്തിക്കപ്പെടുന്നതിൽ ആശങ്കയിലാണ് ഭക്തജനങ്ങളും നാട്ടുകാരും. പ്രതിയെ ഉടൻ പിടികൂടണമെന്നും മോഷണം തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.