Idukki Tea Planters Crisis | പച്ചക്കൊളുന്തിന് വിലയിടിവ്; പ്രതിസന്ധിയിൽ ഇടുക്കിയിലെ ചെറുകിട തേയില കർഷകർ - തേയില കർഷകർ ഇടുക്കി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/23-06-2023/640-480-18824062-thumbnail-16x9-jdfgf.jpg)
ഇടുക്കി : കര്‍ഷകരെ പ്രതിസന്ധിയിലാക്കി പച്ചക്കൊളുന്തിന് വിലയിടിവ്. കൊളുന്ത് വില നിര്‍ണയ കമ്മിറ്റി നിര്‍ജീവമായതോടെ നിലവില്‍ ഒൻപത് രൂപ മാത്രമാണ് ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കമ്മിറ്റി 13 രൂപ വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്‍റുമാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് നാമമാത്ര തുകയാണ്.
വര്‍ഷങ്ങളായി കര്‍ഷകര്‍ നടത്തിയ സമരങ്ങളെ തുടര്‍ന്നാണ് പച്ചക്കൊളുന്തിന് മാസത്തിലൊരിക്കല്‍ വില നിശ്ചയിക്കുന്ന രീതി നിലവിൽ വന്നത്. ടീ ബോര്‍ഡ് അസിസ്റ്റന്‍റ് ഡയറക്‌ടറും ഫാക്‌ടറി ഉടമകളും വ്യാപാരികളും ചേര്‍ന്നാണ് വില നിശ്ചയിക്കുന്നത്. എന്നാൽ, കര്‍ഷകരെ ഒഴിവാക്കി ഇവരുടെ തന്നിഷ്‌ടമാണ് കൊളുന്ത് വില നിര്‍ണയ കമ്മിറ്റിയില്‍ നടക്കുന്നത് എന്നാണ് ആക്ഷേപം.
കർഷകരിൽ നിന്ന് സംഭരിച്ച് ഫാക്‌ടറിയില്‍ എത്തിക്കുന്ന ഏജന്‍റിന് 25 രൂപ വരെ വില ലഭിക്കുന്നുണ്ട്. അതേസമയം ജില്ലയിലെ കര്‍ഷകരുടെ പച്ചക്കൊളുന്ത് വിലയ്‌ക്കെടുക്കാന്‍ വിസമ്മതിക്കുന്ന ഇടുക്കിയിലെ ഫാക്‌ടറികള്‍ വയനാട്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കർഷക ഫെഡറേഷനുകൾ പറയുന്നത്.
തേയില ഉത്പാദനം കുറഞ്ഞ സാഹചര്യത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് തോട്ടങ്ങളിലും പുരയിടങ്ങളിലും ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യാനുള്ള പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊന്നും പ്രാവർത്തികമായില്ല. തുടര്‍ച്ചയായ മഴക്കെടുതികളും രോഗബാധകളും കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി തേയില ഉത്പാദനം വര്‍ധിച്ചിട്ടില്ലെന്നാണ് കണക്ക്.