ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ പരിശോധന: പിവി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുത്ത് പൊലീസ് - പൊലീസ്
🎬 Watch Now: Feature Video
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പരാതിയിൽ പി.വി അൻവര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. ജില്ല ക്രൈംബ്രാഞ്ച് എസിപി വി.സുരേഷിന്‍റെ നേതൃത്വത്തിലാണ് പി.വി അൻവറിന്‍റെ മൊഴിയെടുത്തത്. കൈയിലുള്ള തെളിവുകൾ നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും പി.വി അന്‍വര്‍ ഇതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കോടതിയുടെ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ അദ്ദേഹം, തെളിവുകൾ കൈമാറാൻ ഏഷ്യാനെറ്റ് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി.
അതേസമയം ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (മാര്‍ച്ച് 5) ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫിസില്‍ പി.വി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിയത്. ജില്ല ക്രൈംബ്രാഞ്ച് അസിസ്‌റ്റന്‍റ് കമ്മിഷണര്‍ വി.സുരേഷിന്‍റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ചാനല്‍ ഓഫിസില്‍ പരിശോധന നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനെ പൂട്ടുമെന്ന തരത്തിൽ പി.വി അൻവര്‍ എംഎൽഎ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുവെന്നറിയിച്ച് കഴിഞ്ഞ മാസം ചാനല്‍ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ നിയമസഭയിൽ ഇതു സംബന്ധിച്ച ചോദ്യം വന്നു. തുടര്‍ന്നാണ് പി.വി അന്‍വര്‍ എംഎല്‍എ വെള്ളയിൽ പൊലീസ് സ്‌റ്റേഷനിലെത്തി ചാനലിനെതിരെ പരാതി നൽകുന്നത്. പരാതി സ്വീകരിച്ച തൊട്ടടുത്ത ദിവസം തന്നെ പൊലീസ് ഏഷ്യാനെറ്റിന്‍റെ കോഴിക്കോട് ഓഫിസിലെത്തി പരിശോധന നടത്തുകയായിരുന്നു.