വനം വകുപ്പുമായി ബന്ധപ്പെടുന്നത് 'ബാലികേറാ മല'യായി പലരും കരുതി, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കി': എകെ ശശീന്ദ്രന്‍ - kerala news updates
🎬 Watch Now: Feature Video
എറണാകുളം: സംസ്ഥാന സർക്കാർ വനം വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വനം വകുപ്പ് വലിയ മാറ്റത്തിന്‍റെ പാതയിലാണ്. പുതിയതായി നിര്‍മിച്ച തലക്കോട് സംയോജിത (ഇന്‍റഗ്രേറ്റഡ്) ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വനം വകുപ്പമായി ബന്ധപ്പെടുക, സേവനങ്ങൾ തേടുക, ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഒരു ബാലികേറാ മലയായിട്ടാണ് പലരും കരുതിയിരുന്നത്. ആ ധാരണ മാറ്റി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മുന്നോട്ട് പോകുകയാണ് സർക്കാർ. കാടിനെ കാക്കാം നാടിനെ കേൾക്കാം എന്ന സന്ദേശത്തോടെ സംസ്ഥാനത്തിന്‍റെ 21 കേന്ദ്രങ്ങളിലായി നടത്തിയ വന സൗഹൃദ സദസുകൾ വലിയ വിജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളെ ചേർത്തു നിർത്തുകയെന്നതാണ് സർക്കാരിന്‍റെ നയം. വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പിനെ സമീപിക്കുന്ന ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. വനപാലകരും ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാൻ കൂടുതൽ ഇടപെടലുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തലക്കോട് ചെക്ക് പോസ്റ്റ് നാടിന് സമര്‍പ്പിച്ചത്. ആകെ 77.47 ലക്ഷം രൂപ ചെലവിൽ അത്യാധുനിക നിലവാരത്തിലാണ് സംയോജിത ചെക്ക് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഇൻഫർമേഷൻ സെന്‍റർ, ഗാർഡ് റൂം, ഇക്കോ ഷോപ്പ്, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളാണ് ചെക്ക്പോസ്റ്റിൽ ക്രമീകരിച്ചിരിക്കുന്നത്. യാത്രികരെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ പദ്ധതികൂടിയാണിത്. ചടങ്ങിൽ മറ്റ് വിവിധ ഫോറസ്റ്റ് റേഞ്ചുകളിലെ ഏഴ് പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്‌തു.
കുമളി റേഞ്ചിലെ കമ്പംമെട്ട്, തൊടുപുഴ റേഞ്ചിലെ ഗുരുതിക്കുളം, മറയൂർ റേഞ്ചിലെ ചട്ടമൂന്നാർ, ഷോളയാർ റേഞ്ചിലെ മലക്കപ്പാറ ചെക്ക് പോസ്റ്റുകളും പാലോട് റെയിഞ്ചിലെ കല്ലാർ, ആര്യങ്കാവ് റേഞ്ചിലെ കോട്ടവാസൽ എന്നീ സംയോജിത ചെക്ക്പോസ്റ്റുകളും പാലോട് റേഞ്ചിലുള്ള പൊന്മുടിയിലെ ത്രീഡി തിയേറ്റർ പദ്ധതിയുമാണ് നാടിന് സമർപ്പിച്ചത്. ചെക്ക് പോസ്റ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ എംഎല്‍എ ആന്‍റണി ജോണ്‍ അധ്യക്ഷത വഹിച്ചു.