ഏതെങ്കിലും പാർട്ടിയോട് അടുപ്പമോ വിരോധമോ ഇല്ല, മതേതരത്വം സംരക്ഷിക്കുന്നവർ സഭയുടെ സുഹൃത്തുക്കൾ : മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
🎬 Watch Now: Feature Video
കോട്ടയം : ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. രാജ്യത്തിൻ്റെ മതേതരത്വം സംരക്ഷിക്കണമെന്നും ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നടത്തിയ മാധ്യമ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈസ്‌റ്റർ ദിനത്തിൽ ബിജെപി പ്രവർത്തകർ നിരവധി സഭ അരമനകളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനെ തുടർന്ന് വലിയ രാഷ്‌ട്രീയ വിവാദങ്ങൾ കേരളത്തിൽ ഉണ്ടാവുകയും ചെയ്‌തു. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസ്‌താവന പുറത്തുവരുന്നത്.
'മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ല. മതേതരത്വം സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ മലങ്കര സഭയുടെ സുഹൃത്തുക്കളാണ്. മലങ്കര സഭാംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളില്‍ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് അതിന് സ്വാതന്ത്ര്യവുമുണ്ട്. മതേതരത്വത്തിന് ഭീഷണിയാവുന്ന എന്തെങ്കിലും നടപടി എത് രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഉണ്ടായാലും സഭ വിമർശിക്കും' - മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മാധ്യമ പ്രസ്‌താവനയിൽ അറിയിച്ചു.
ബിജെപിക്ക് മാത്രമായി ഈ നാട്ടിൽ ഞങ്ങൾ ഒരു രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്ന പ്രസ്‌താവനയുമായി കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ഇന്നലെ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കുറെ നല്ല കാര്യങ്ങളുണ്ട് എന്നും വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.