മോഷണത്തിന് സോപ്പുപൊടിയും ഗ്യാസ് കട്ടറും, കവർന്നത് എട്ട് ലക്ഷവും ഒന്നേകാൽ കോടിയുടെ സ്വർണവും

🎬 Watch Now: Feature Video

thumbnail

By

Published : Aug 7, 2023, 4:10 PM IST

കോട്ടയം: കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോഷണം. ഒന്നേകാൽ കോടി രൂപയുടെ സ്വർണവും പണവും ഹാര്‍ഡ് ഡിസ്‌കും അടക്കമാണ് മോഷണം പോയത്. മോഷണത്തിന് പിന്നില്‍ വന്‍ ആസൂത്രിതമെന്ന് പൊലീസ് സംശയിക്കുന്നു. കുറിച്ചി മന്ദിരം കവലയിൽ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള സുധ ഫൈനാൻസിയേഴ്‌സ് ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടർ തകർത്ത് വന്‍ മോഷണം നടന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്ഥാപനത്തില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണമാണ് നഷ്‌ടപ്പെട്ടിരിക്കുന്നത്. ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പൊലീസിന് നൽകിയ മൊഴി. എട്ട് ലക്ഷം രൂപയും നഷ്‌ടപ്പെട്ടതായും സ്ഥാപന ഉടമ കെ.ആർ പരമേശ്വരൻ നായർ പറഞ്ഞിട്ടുണ്ട്. മോഷണ സംഘം കെട്ടിടത്തിന്‍റെ ഷട്ടർ പാതി തുറന്നു വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് അകത്തു കടന്നത് എന്നാണ് സംശയിക്കുന്നത്. ഷട്ടർ പാതി ഉയർത്തി വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തുനിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചിട്ടില്ല. അർധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ 20 വർഷത്തോളം മന്ദിരം കവലയിൽ സുധ ഫിനാൻസ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുകയാണ്. മോഷണം നടന്ന ഈ ബിൽഡിങ്ങില്‍ സ്ഥാപനം പ്രവർത്തനമാരംഭിച്ചിട്ട് ആറു വർഷമായി. പ്രധാന വാതിലിന്‍റെ പൂട്ടും ഷട്ടറും പൊളിച്ചാണ് മോശം നടന്നിട്ടുള്ളത്. പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ലക്ഷണമുണ്ട്. കോട്ടയത്തു നിന്നും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാൻ കഴിയൂ എന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ കാർത്തിക്ക് വ്യക്തമാക്കി. ചങ്ങനാശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.