പാലക്കാട്: അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ഭരണമാറ്റം ഉണ്ടാകുമെന്നതിൻ്റെ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വി കെ ശ്രീകണ്‌ഠൻ എംപി. ഭരണകക്ഷിയായ ബിജെപിയിലെ ചേരിപ്പോര് മൂലം പാലക്കാട് നഗരസഭാ ഭരണം സ്‌തംഭിച്ച അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേർന്ന് ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ പ്രചരണങ്ങൾ മറികടന്ന് യുഡിഎഫ് പാലക്കാട്ട് നേടിയ വിജയം ജനകീയ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് എംപി പറഞ്ഞു.
പാലക്കാട്ട് മതേതര ചേരി ശക്തിപ്പെടുന്നതിൻ്റെ സൂചനയാണ് കാണുന്നത്. നഗരസഭയിൽ ബിജെപിയുടെ മേൽക്കോയ്‌മ നഷ്‌ടപ്പെട്ടു. അടുത്ത വർഷം നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിക്കും. ഷാഫി പറമ്പിൽ എംഎൽഎ ആയിരുന്ന കാലത്ത് തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എംപി എന്ന നിലയിൽ പൂർണ പിന്തുണ നൽകും. രാഷ്ട്രീയ വിവേചനമില്ലാതെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ് യുഡിഎഫിൻ്റെ ലക്ഷ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാദങ്ങളുണ്ടാക്കി യുഡിഎഫിനെ സിപിഎമ്മും ബിജെപിയും ചേർന്ന് വേട്ടയാടുകയായിരുന്നു പ്രചരണത്തിലുടനീളം. എകെ ബാലൻ, മന്ത്രി എംബി രാജേഷ്, ബിജെപി പ്രസിഡൻ്റ് കെസുരേന്ദ്രൻ എന്നിവർ ചേർന്നാണ് എല്ലാം ചെയ്‌തത്. എൻഎൻ കൃഷ്‌ണ ദാസിനെപ്പോലുള്ള നേതാക്കൾക്ക് പോലും അതിൽ എതിർപ്പായിരുന്നുവെന്നും ശ്രീകണ്‌ഠൻ പറഞ്ഞു.
'കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍, തങ്ങള്‍ ആര്‍എസ്എസ് ട്രൗസര്‍ ഇട്ട് വന്നവര്‍', ശ്രീകണ്‌ഠനെ ബിജെപിയിലേക്ക് ക്ഷണിച്ച് ശിവരാജൻ
പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്‌ത വികെ ശ്രീകണ്‌ഠൻ എംപിക്ക് മറുപടിയുമായി ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ക്ഷണം ചവറ്റുകൊട്ടയില്‍ എറിയുന്നു. അനുവാദം ലഭിച്ചാല്‍ കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ബിജെപിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരും. ബിജെപി കൗൺസിലർമാരെ പ്രതീക്ഷിച്ച് ശ്രീകണ്‌ഠൻ പനിക്കേണ്ടെന്നും ശിവരാജൻ പരിഹസിച്ചു.
തങ്ങള്‍ ആര്‍എസ്എസ് ട്രൗസര്‍ ഇട്ട് വന്നവരാണ്. ആര്‍എസ്എസ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബിജെപി കൗൺസിലർമാർ. ആര്‍എസ്എസുകാരെ സ്വീകരിക്കാൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാണോ എന്ന് ചോദിച്ച ശിവരാജൻ ആര്‍എസ്‌എസുകാരെ കോണ്‍ഗ്രസില്‍ എടുക്കുമെന്ന പ്രമേയം സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാസാക്കട്ടെയെന്നും പറഞ്ഞു.
വേണമെങ്കില്‍ ശ്രീകണ്‌ഠനും ഡിസിസി പ്രസിഡന്‍റിനും ബിജെപിയിലേക്ക് സ്വാഗതമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാലക്കാട്ടെ ബിജെപി തോല്‍വിയില്‍ കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ശിവരാജൻ നേരത്തെ രംഗത്തെത്തിയിരുന്നു. കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാർഥി കൃഷ്‌ണ കുമാറിനെതിരെയും വിമർശനവുമായാണ് ശിവരാജൻ രംഗത്തെത്തിയിരുന്നത്. തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണെന്നും, അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വയ്‌ക്കേണ്ട എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Read Also: പാലക്കാട്ടെ തിരിച്ചടിയുടെ കാരണമെന്ത്; ബിജെപിയില്‍ കൂലങ്കഷമായ ചര്‍ച്ച