ചോറിനോടൊപ്പവും അല്ലാതെയുമൊക്കെ തൈര് കഴിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് പലരും. അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിനുകൾ, പൊട്ടാസ്യം, ധാതുക്കൾ എന്നിവ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസേന ഇത് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. തൈരിൽ ചീത്ത കൊഴുപ്പ് കുറവും ആരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
തൈരിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും നിർജ്ജലീകരണം തടയാനും ഗുണം ചെയ്യും. കൂടാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാനും മുടിയ്ക്ക് ബലം നൽകാനും ഇത് സഹായിക്കും. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന കാത്സ്യം, വിറ്റാമിൻ ഡി എന്നിവ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യന്നു. എല്ലുകളെ ബാധിയ്ക്കുന്ന പലതരം പ്രശ്‌നങ്ങൾ തടയാനും ഇത് സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ
പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ സമ്പന്ന ഉറവിടമാണ് തൈര്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. അതിനാൽ ആരോഗ്യമുള്ള ഹൃദയത്തെ പ്രോത്സാഹിപ്പിക്കാനും തൈര് ഗുണം ചെയ്യും.
പ്രതിരോധ ശേഷി വർധിപ്പിക്കാൻ
പ്രോബയോട്ടിക് ആയതിനാൽ തൈരിൽ നല്ല ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാനുള്ള ശ്വേതരക്താണുക്കളുടെ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ പതിവായി തൈര് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ ഫലപ്രദമാണ്. മാത്രമല്ല ഇതിൽ അടങ്ങിയിട്ടുള്ള സജീവ സംയുക്തങ്ങൾ രോഗകാരികളായ അണുക്കളെ നശിപ്പിക്കാനും ഗുണം ചെയ്യും.
ദഹനം മെച്ചപ്പെടുത്താൻ
ദഹനത്തിന് ഗുണകരമായ നല്ല ബാക്‌ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വയറുവേദന, അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ അകറ്റാനും തൈര് പതിവായി കഴിക്കുന്നത് നല്ലതാണ്.
ചർമ്മാരോഗ്യം സംരക്ഷിക്കാൻ
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തൈര്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും പാടുകൾ അകറ്റാനും ഗുണം ചെയ്യും. ഫേസ്‌പാക്കായും തൈര് ഉപയോഗിക്കാം. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും മൃദുവാക്കുകയും ചെയ്യും.
പ്രമേഹം നിയന്ത്രിക്കാൻ
തൈരിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്‍റെ ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണത്തെ മെല്ലെയാക്കുകയും ചെയ്യും. അതുവഴി രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
സമ്മർദ്ദം, ഉത്കണ്‌ഠ കുറയ്ക്കാൻ
തൈരിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്‌സ് സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും തൈര് കഴിക്കുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ
അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിനെ ചെറുക്കൻ തൈര് സഹായിക്കും. ഈ ഹോർമോൺ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് തടയാനുള്ള കഴിവ് തൈരിനുണ്ട്. അതിനാൽ ദിവസേന തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.
അവലംബം : https://pmc.ncbi.nlm.nih.gov/articles/PMC8579104/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ദിവസവും കടല കഴിക്കാമോ ? ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ? അറിയേണ്ടതെല്ലാം