പത്തനംതിട്ട: ശബരിമലയിലെ ചുവരുകളില്‍ അയ്യപ്പ ചരിത ചിത്രങ്ങള്‍ കോറിയിട്ട് 40 കാരനായ മനു. സന്നിധാനത്തെ അന്നദാന മണ്ഡപത്തിലെ ചുവരുകളിലാണ് ആരെയും ആകര്‍ഷിക്കും വിധമുള്ള ചിത്രങ്ങള്‍. മണികണ്‌ഠനെ കാട്ടില്‍ നിന്നും കണ്ടെടുത്തത് മുതല്‍ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയിന്‍റ് ഉപയോഗിച്ച് മനു വരച്ച് തീര്‍ത്തത്.
ഇടത് കൈകൊണ്ടാണ് ഇത്രയും ആകര്‍ഷണീയതയില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നത് എന്നതാണ് ശ്രദ്ധേയം. ജന്മനാ വലത് കൈ ഇല്ലാത്തയാളാണ് മനു. എന്നാല്‍ തനിക്കൊപ്പം എപ്പോഴും അയ്യപ്പനുണ്ടാകുമെന്നാണ് മനുവിന്‍റെ വിശ്വാസം. 'അഭയമായി അയ്യപ്പനുള്ളപ്പോള്‍ ഒന്നും ഒരു പരിമിതിയല്ലല്ലോ' എന്ന് ചിത്രം വരക്കവേ മനു പറയുന്നു.
ഓരോ ദിവസവും ഓരോ ചിത്രങ്ങളാണ് വരച്ച് പൂര്‍ത്തിയാക്കുക. ഇത്തരത്തില്‍ സന്നിധാനത്ത് മനു തീര്‍ക്കുക 25 ചിത്രങ്ങള്‍. ചെറുപ്പം മുതല്‍ ചിത്രം വരയോട് ഏറെ തത്‌പരനാണ് മനു. കൊട്ടാരക്കരയിലെ രവി വര്‍മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ചിത്ര രചനയും പഠിച്ചിട്ടുണ്ട് മനു. സഥാ ചിത്ര രചനയില്‍ മുഴുകണമെന്ന് ആഗ്രഹിച്ച മനു പിന്നീട് വാഹനങ്ങൾക്ക് നമ്പർ എഴുതിക്കൊടുക്കാന്‍ തുടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വാഹനങ്ങളില്‍ നമ്പറുകളെഴുതി കൊണ്ടിരിക്കുന്ന സമയത്താണ് പിടവൂര്‍ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ചുവരുകളില്‍ ചിത്രം വരയ്‌ക്കാന്‍ അവസരം ലഭിച്ചത്. ഇതാണ് തന്‍റെ ചിത്ര കലാ ജീവിതത്തില്‍ വഴിത്തിരിവായത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ മനു ചിത്രം വരയ്‌ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് ഏറെ പ്രോത്സാഹനം നല്‍കുകയുണ്ടായി. അത് മാത്രമല്ല വിവിധ ക്ഷേത്രങ്ങളിലെ ചുവരുകളില്‍ ചിത്രങ്ങള്‍ വരയ്‌ക്കാന്‍ അവസരമൊരുക്കുകയും ചെയ്‌തു.
മനുവിന്‍റെ കൈപ്പടയില്‍ ചുവരുകളില്‍ ആകര്‍ഷണീയ ചിത്രങ്ങള്‍ ജനിക്കുമ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും ഏറെ വൈറലായി. പന്തളം കൊട്ടരത്തിലെ ചുവരുകളിലുള്‍പ്പെടെ മനു ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബ്രഷും നിറക്കൂട്ടുകളുമായി മനു മലകയറിയത്.
മനുവിന്‍റെ കരവിരുതില്‍ സന്നിധാനത്ത് രൂപമെടുത്ത ചിത്രങ്ങളെല്ലാം ഭക്തരുടെ മനസിലും ഇടംനേടി. ആദ്യമായാണ് മനു ശബരിമലയിലെത്തുന്നത്. അത് ഭഗവാന്‍ ഏല്‍പ്പിച്ച നിയോഗം പൂര്‍ത്തിയാക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മനു പറഞ്ഞു. മണ്ഡലകാലത്തിന് മുമ്പ് ചിത്രങ്ങള്‍ വരച്ച് പൂര്‍ത്തിയാക്കണമെന്നാണ് മനുവിന്‍റെ ആഗ്രഹം.