തൃശൂർ: നാട്ടിക വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി എംബി രാജേഷ്. അടിയന്തര ധനസഹായം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്‌കാരം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുന്നതായിരിക്കും. പാലക്കാട് ജില്ലാ കലക്‌ടർ ഇവരുടെ സ്വദേശമായിട്ടുള്ള മുതലമട മീൻകര ഭാഗത്ത് ക്യാമ്പ് ചെയ്‌ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. വാഹനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് വീടുകളിൽ എത്താൻ പ്രത്യേക കെഎസ്ആർടിസി ബസ് സജീകരിച്ചു.
തൃശൂർ മെഡിക്കൽ കോളജിലുള്ള ബന്ധുക്കൾക്ക് പോകുന്നതിനു വേണ്ടിയാണ് ബസ് സജീകരിച്ചത്. അഞ്ച് ആംബുലൻസുകൾക്ക് പുറമെയാണ് തൃശൂർ ജില്ലാ കലക്‌ടർ ഇടപെട്ട് ബസ് സജീകരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും എംബി രാജേഷ് തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് (നവംബർ 26) പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. നാട്ടിക ജെകെ തിയേറ്ററിനടുത്ത് റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടികൾക്കിടയിലാണ് തടി ലോറി പാഞ്ഞ് കയറിയത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബാരിക്കേഡ് മറികടന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
അപകടമുണ്ടാക്കിയ വണ്ടിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. കണ്ണൂർ ആലക്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന അലക്‌സ് ആയിരുന്നു വാഹനമോടിച്ചിരുന്നത്. ഇയാൾക്ക് ലൈസൻസില്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയുണ്ടായി.
മൃതദേഹങ്ങൾ പലതും ചതഞ്ഞരഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ് കിടന്നിരുന്നവരുടെ നിലയും അതീവ ഗുരുതരമാണ്. പലരെയും അംഗഭംഗം സംഭവിച്ച നിലയിലാണ് കണ്ടെത്തിയത്. പാത്രങ്ങളും ബാഗും ബക്കറ്റുമെല്ലാം റോഡിൽ ചിതറിത്തെറിച്ച നിലയിലായിരുന്നെന്ന് സംഭവസ്ഥവത്തുണ്ടായിരുന്നവർ പറഞ്ഞു.
Also Read: നാട്ടികയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി; കുട്ടികളടക്കം 5 മരണം