ശ്രീനഗർ: സഞ്ചാരികളുടെ പറുദീസ എന്നൊക്കെ വിശേഷിപ്പിക്കാറുള്ള സ്ഥലമാണ് ജമ്മു കശ്‌മീർ. മഞ്ഞും തണുപ്പും ഒക്കെ ആസ്വദിക്കാനാണ് സഞ്ചാരികൾ കശ്‌മീരിൽ എത്താറുള്ളതും. എന്നാൽ പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെ തണുത്തു വിറക്കുകയാണ് ജമ്മു കശ്‌മീരിലെ പല പ്രദേശങ്ങളും.
മഞ്ഞുകാലം ആരംഭിച്ചതോടെ പല താഴ്വരകളിലും പൂജ്യം ഡിഗ്രിയിൽ താഴെ താപനില രേഖപ്പെടുത്തി. ശ്രീനഗറിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം അനുസരിച്ച് ഷോപ്പിയാൻ കശ്‌മീർ താഴ്‌വരയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായി മാറിക്കഴിഞ്ഞു. ലഡാക്കിലെ ന്യോമ -14.7°C സെൽഷ്യസിൽ നിന്ന് വിറയ്ക്കുമ്പോൾ ഷോപിയാനിൽ -3.3° സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
-2.7 ഡിഗ്രി സെൽഷ്യസ് ആണ് പഹൽഗാമിലെ താപനില. ഗുൽമാർഗും സോനാമാർഗും -2.4° സെൽഷ്യസിലെത്തി നിൽക്കുന്നു. ജമ്മു കശ്‌മീരിൻ്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ 0.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തെക്കൻ കശ്‌മീരിലും അനന്ത്നാഗിലും പുൽവാമയിലും -2.0 ഡിഗ്രി സെൽഷ്യസ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.
വടക്കൻ കശ്‌മീരിൽ കുപ്‌വാരയിൽ -0.8°C, ബന്ദിപ്പോരയിൽ -1.3°C, ബാരാമുള്ളയിൽ 0.3°C എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. അതേസമയം, സെൻട്രൽ കശ്‌മീരിൽ ഗന്ദേർബൽ -0.3°C, ബുഡ്‌ഗാം -1.2°C എന്നിങ്ങനെ രേഖപ്പെടുത്തി. ജമ്മു ഡിവിഷനിൽ 12.6°C ഏറ്റവും കുറഞ്ഞ താപനിലയുള്ള കത്വവ തണുപ്പിൽ ഒന്നാമതെത്തി.
ജമ്മു നഗരത്തിൽ 10.6 ഡിഗ്രി സെൽഷ്യസും ബനിഹാൽ, ബാറ്റോട്ട്, കത്ര എന്നിവിടങ്ങളിൽ യഥാക്രമം 5.4 ഡിഗ്രി സെൽഷ്യസും 4.5 ഡിഗ്രി സെൽഷ്യസും 10.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്. ഉധംപൂരിൽ 5.2 ഡിഗ്രി സെൽഷ്യസും രജൗരിയിലും പൂഞ്ചിലും യഥാക്രമം 3.9 ഡിഗ്രി സെൽഷ്യസും 10.6 ഡിഗ്രി സെൽഷ്യസും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.
2.2 ഡിഗ്രി സെൽഷ്യസാണ് ഭദെർവയിൽ അനുഭവപ്പെട്ടത്. എന്തായാലും മഴ ഇല്ലാത്ത തെളിഞ്ഞ കാലാവസ്ഥയാണ് കശ്‌മീരിൽ നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനഗറിൽ ഉൾപ്പെടെ നേരിയ തോതിൽ മഴ പെയ്‌തിരുന്നു. പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുൽമാർഗിലും ഗ്രേവ്സ് വാലിയിലും മഞ്ഞു വീഴ്‌ച തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കടുത്ത മഞ്ഞു വീഴ്‌ചയെ തുടർന്ന് കഴിഞ്ഞ ദിവസം ബന്ദിപ്പോര ബൈപാസ് റോഡ് അടച്ചിട്ടിരുന്നു. വിനോദസഞ്ചാരികളും ട്രെക്കിങ് നടത്തുന്നവരും മറ്റു യാത്രക്കിറങ്ങുന്നവരും കാലാവസ്ഥയ്ക്ക് അനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read:4 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തമിഴ്‌നാട്ടില്‍ കനത്ത മഴ