വാഷിങ്‌ടൺ: 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'മുംബൈ ഭീകരാക്രമണത്തിൽ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുകയാണ്. പ്രതിയെ ഇന്ത്യയ്ക്ക് കൈമാറാൻ എന്‍റെ ഭരണകൂടം അംഗീകാരം നൽകിയതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്' എന്ന് ട്രംപ് പറഞ്ഞു. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട അടുത്ത നടപടികൾ വിലയിരുത്തുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
സുപ്രീം കോടതിയുടെ സമീപകാല വിധി കണക്കിലെടുത്ത് ബാധകമായ യുഎസ് നിയമത്തിന് അനുസൃതമായി ഈ കേസിലെ അടുത്ത നടപടികൾ വിലയിരുത്തുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎസ് വളരെക്കാലമായി പിന്തുണച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
തഹാവൂർ റാണയെ കൈമാറുന്നതിനായി ഇന്ത്യ യുഎസ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര കഴിഞ്ഞാഴ്‌ച ഒരു പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകവേ പറഞ്ഞിരുന്നു. 'തഹാവൂർ റാണയെ കൈമാറുന്നതിനെതിരെ റാണ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ അമേരിക്കയിലെ സാധ്യമായ എല്ലാ നിയമപരമായ വഴികളും റാണ അവസാനിപ്പിച്ചുവെന്ന് നിങ്ങൾക്കറിയാം. അതിനാൽ തന്നെ റാണയെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിനായി യുഎസ് അധികാരികളുമായി ചർച്ച നടത്തിയിട്ടുണ്ട് ' വിക്രം മിശ്ര അറിയിച്ചു.
എന്താണ് റാണ ചെയ്‌ത കുറ്റം?
നിലവിൽ റാണ ലോസ് ഏഞ്ചൽസിൽ തടവിൽ കഴിയുകയാണ്. പാകിസ്‌താന്‍ ആർമിയിലെ മുൻ ഡോക്‌ടറായ റാണ 1990കളിൽ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടർന്ന് ചിക്കാഗോയിൽ ഫസ്‌റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി ആരംഭിച്ചു.
ഇവിടെ വച്ചാണ് മുംബൈ ഭീകരാക്രമണത്തിൽ ലഷ്‌കറെ ത്വയ്യിബക്ക് വേണ്ടി പ്രവർത്തിച്ച ഡേവിഡ് കോൾമാൻ ഹെഡ്‍ലിയെ പരിചയപ്പെടുന്നത്. കേസിൽ ഇയാളും അമേരിക്കയിൽ അറസ്‌റ്റിലായിട്ടുണ്ട്. ഇമിഗ്രേഷൻ കൺസൾട്ടൻസിയുടെ മറവിൽ ഹെഡ്‍ലിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്‍ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതർ അറസ്‌റ്റ് ചെയ്യുന്നത്.
ജനുവരി 21ന്, തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച റിട്ട് ഓഫ് സെർട്ടിയോറാറി ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. 2024 നവംബറിൽ സമർപ്പിച്ച ഹർജി, തന്നെ കൈമാറുന്നതിന് അനുകൂലമായി വിധിച്ച കീഴ്‌ക്കോടതിയുടെ മുൻ ഉത്തരവിനെതിരെയായിരുന്നു. കീഴ്‌ക്കോടതിയിൽ നിന്നുള്ള കേസ് പുനഃപരിശോധിക്കാൻ ഒരു ഉന്നത കോടതിക്ക് അനുവദിക്കുന്ന ഒരു നിയമപരമായ രേഖയാണ് റിട്ട് ഓഫ് സെർട്ടിയോറാറി.
2008 നവംബർ 26ന് മുംബൈയിലെ താജ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിൽ 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 174 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഇന്ത്യ-യുഎസ് ബന്ധത്തെ പ്രശംസിച്ച് ട്രംപ്
അതേസമയം യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. 'പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിൽ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലും യുഎസിലുമായി ഞങ്ങൾ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് ഞാൻ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വളരെ മനോഹരമായ ഒരു രാജ്യമാണത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ ജനാധിപത്യ രാജ്യങ്ങളായ യുഎസും ഇന്ത്യയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്‌തിപ്പെടുത്തുന്നതിനായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന്' ഡൊണാൾഡ് ട്രംപ് പ്രസ്‌താവനയിൽ പറഞ്ഞു.