K Surendran on CPM Seminar | സിപിഎം കോഴിക്കോട് നടത്തിയ സെമിനാര്‍ ചീറ്റിപ്പോയെന്ന് കെ സുരേന്ദ്രന്‍

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : സിപിഎം (CPM) കോഴിക്കോട് നടത്തിയ ഏക സിവില്‍ കോഡിനെതിരായ സെമിനാര്‍ ചീറ്റി പോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). ബിജെപി (BJP) സംസ്ഥാന കാര്യാലയത്തില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിപിഎം ഇന്നലെ നടത്തിയ സെമിനാര്‍ ഏകപക്ഷീയമായി സിവില്‍ കോഡിനെ എതിര്‍ക്കുന്നവരുടെ മാത്രം സമ്മേളനമായി മാറി. 

ചീറ്റിപ്പോയൊരു സമ്മേളനമാണ് നടന്നത്. ഏക സിവില്‍ നിയമത്തെ (Uniform Civil Code) അനുകൂലിക്കുന്നവരുടെ ശബ്‌ദം കേള്‍പ്പിക്കാനുള്ള സാഹചര്യം സമ്മേളനത്തില്‍ ഉണ്ടായില്ല. സംവാദം എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു സിപിഎം ശ്രമിച്ചത്. അതൊരു പാര്‍ട്ടി സമ്മേളനമായിരുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

സ്ത്രീകള്‍ക്ക് സംസാരിക്കാനും സിപിഎമ്മിന്‍റെ സെമിനാറില്‍ അവസരം കിട്ടിയില്ല. പ്രത്യേകിച്ച് മുസ്ലിം സ്‌ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. സിവില്‍ നിയമത്തിന്‍റെ പേരില്‍ മുത്തലാഖ് പോലെയുള്ള അപരിഷ്‌കൃതമായ നിയമങ്ങള്‍ നേരിടേണ്ടി വരുന്നവരുടെ ശബ്‌ദം പോലും അവിടെ ഉയര്‍ന്നില്ല. വളരെ ഏകപക്ഷീയമായി വോട്ട് ബാങ്കുകളെ സ്വാധീനിക്കാനുള്ള ഒരു വൃഥാ വ്യായാമമാണ് ഇന്നലെ കോഴിക്കോട് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സിപിഎം മുസ്ലിം വോട്ടിന് വേണ്ടി ആര്‍ത്തി പിടിച്ച് നടക്കുന്ന സാഹചര്യമാണ്. മുസ്ലിം ലീഗിന്‍റെ സെമിനാറില്‍ ക്ഷണിച്ചില്ലെങ്കിലും വന്നുകൊള്ളാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നത്. ഗ്രഹണി പിടിച്ചവര്‍ ഭക്ഷണത്തിന് വേണ്ടി ആര്‍ത്തി പിടിക്കുന്നത് പോലെ സിപിഎം പരക്കം പായുന്ന കാഴ്‌ചയാണ് കേരളത്തില്‍ കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലിം സമത്വത്തെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചുമുള്ള പഴയ നിലപാടുകള്‍ പൂര്‍ണമായും സിപിഎം വിഴുങ്ങിയിരിക്കുന്നു. ഇഎംഎസിനെയും ഇ കെ നായനാരെയും എന്തിന് ജനാധിപത്യ മഹിള അസോസിയേഷനെ പോലും പരസ്യമായി സിപിഎം തള്ളി പറഞ്ഞിരിക്കുകയാണ്. സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയങ്ങള്‍ അവര്‍ ചുട്ടുകരിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 

പൊതു തെരഞ്ഞെടുപ്പുകളിലും ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്‍റെ പല സംസ്ഥാനങ്ങളിലെയും പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും അവര്‍ വിഴുങ്ങിയിരിക്കുകയാണ്. വോട്ടിന് വേണ്ടി ആര്‍ത്തി പുരണ്ട് പരക്കം പാഞ്ഞതുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഒരു ഗുണവും സിപിഎമ്മിന് ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സിപിഎമ്മിന് ഒരു വോട്ടും അനുകൂലമാകാന്‍ പോകുന്നില്ല. കക്ഷത്തുള്ള വോട്ട് കൂടി പോകുന്ന സാഹചര്യമാണ് സെമിനാറിലൂടെ ഉണ്ടായിരിക്കുന്നത്. കാപട്യത്തിന്‍റെ, വഞ്ചനയുടെ, ഹിപ്പോക്രസിയുടെ മുഖമായി സീതാറാം യെച്ചൂരി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

Also read : V Muraleedharan| 'ഇ ശ്രീധരനെ പോലുള്ള വ്യക്തികളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് സിപിഎം നിർത്തണം'; വി മുരളീധരൻ

രാജ്യത്ത് എല്ലായിടത്തും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സമരം ചെയ്യുകയും വാദിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ വന്ന് നാണം കെട്ട ഒരു രാഷ്ട്രീയ നടപടിക്ക് തയ്യാറാവുകയാണ്. സിപിഎം കാണിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നതില്‍ സംശയമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.