Oommen Chandy | ഇലയിട്ട് സദ്യ, കുഴിമാടത്തിൽ പ്രാർഥന; പ്രിയ നേതാവിന് നിത്യശാന്തി നേർന്ന് ഉമ്മൻചാണ്ടി കോളനി നിവാസികൾ - ഉമ്മൻചാണ്ടി ഏഴാം ചരമ ദിനം
🎬 Watch Now: Feature Video
ഇടുക്കി : ഇലയിട്ട് സദ്യ ഒരുക്കി പ്രിയ നേതാവിന്‍റെ ചാന്ദ്രം ഗോത്രവർഗ സമൂഹം പാരമ്പരാഗത രീതിയിൽ ആചരിച്ചു. ഉമ്മൻചാണ്ടി കോളനിയിലെ കുടുംബങ്ങളാണ് ഉമ്മൻചാണ്ടിയുടെ സംസ്‌കാരത്തിന് ശേഷമുള്ള ഏഴാം ചരമ ദിനം പ്രത്യേക പൂജകളോടെ ആചരിച്ചത്. തങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന നേതാവിന് ഇലയിട്ട് സദ്യ ഒരുക്കി നൽകിയാണ് ഗോത്ര വിഭാഗമായ മന്നാൻ സമുദായത്തിലെ 95 ഓളം വരുന്ന കുടുംബങ്ങൾ ഏഴാം ചരമ ദിനം ആചരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിത്യശാന്തിക്ക് വേണ്ടിയുള്ള ചടങ്ങുകളോട് കൂടിയായിരുന്നു ചാന്ദ്രം എന്ന ശേഷക്രിയകൾ നടത്തിയത്. കുടുംബത്തിലെ ഒരംഗം മരിച്ചാൽ ഏഴു ദിവസം മത്സ്യ, മാംസാദികൾ ഉപേക്ഷിച്ച് വ്രതം അനുഷ്‌ഠിച്ച ശേഷമാണ് ഇവർ ചാന്ദ്രം നടത്തുക. ഇതേ ദിവസം രാവിലെ കുളിച്ച് കുഴിമാടത്തിൽ പോയി പ്രാർഥനകൾ നടത്തിയ ശേഷം ഇലയിട്ട് സദ്യ നൽകുന്നത് ഉൾപ്പെടെയുള്ള ശേഷക്രിയ ചടങ്ങുകൾ നടത്തും. എന്നാൽ ഉമ്മൻചാണ്ടി കോളനിയിൽ നിന്നും പുതുപ്പള്ളി വരെയുള്ള ദൂരക്കൂടുതൽ പരിഗണിച്ച് പരമ്പരാഗത രീതിയിൽ നിന്ന് മാറ്റം വരുത്തി ആദ്യം ശേഷക്രിയകളും പിന്നീട് പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പ്രത്യേക പ്രാർഥനകൾ നടത്താനുമാണ് ഇവർ തീരുമാനിച്ചത്. ഉമ്മൻചാണ്ടി കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു നിറകണ്ണുകളോടെ തങ്ങളുടെ നേതാവിന് ഇവർ ശേഷക്രിയകൾ നടത്തിയത്. ശേഷക്രിയകൾക്ക് ശേഷം പുതുപ്പള്ളിയിലെ കല്ലറയിൽ ചെന്ന് പ്രത്യേക പ്രാർഥനയ്‌ക്ക് ശേഷം തിരികെയെത്തി ഇതേ ദിവസം രാത്രിയിൽ പ്രത്യേക ആദിവാസി ആചാരമായ കൂത്തും നടന്നു.