Cardamom Theft | ഏലത്തിന് വില വര്‍ധിച്ചതോടെ കൃഷിയിടങ്ങളില്‍ മോഷണം പതിവാകുന്നു; വിളയ്‌ക്ക് പൊലീസ് സുരക്ഷ തേടി കര്‍ഷകര്‍ - രാജകുമാരി
🎬 Watch Now: Feature Video
ഇടുക്കി: ഏലക്കായയ്‌ക്ക് വില വർധിച്ചതോടെ തോട്ടങ്ങളിൽ മോഷണം പെരുകുന്നു. ഇതേത്തുടര്‍ന്ന് രാജകുമാരി കുരുവിള സിറ്റിയിൽ നിന്നും ഏല ചെടികളിൽ നിന്നും വ്യാപകമായി ഏലക്കായ മോഷണം പോയി. ചെടിയിലെ ശരമടക്കം ഇറുത്താണ് മോഷണം നടത്തിയിരിക്കുന്നത്. കുരുവിള സിറ്റി വെള്ളാങ്കൽ ബിജുവിന്‍റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്. മുക്കാൽ ഏക്കറോളം വരുന്ന ഏലകൃഷിയിൽ നിന്നും ചെടിയിലെ കായ വളരുന്ന ശരമടക്കം മുറിച്ചാണ് മോഷ്‌ടാക്കൾ കടത്തിയത്. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ ചെടികൾ നനയ്ക്കാൻ എത്തിയപ്പോഴാണ് ഉടമ ബിജു മോഷണം നടന്നതായി കണ്ടെത്തുന്നത്. തുടർന്ന് കൃഷിയിടത്തിൽ പരിശോധിച്ചപ്പോൾ മുറിച്ചുമാറ്റിയ ശരങ്ങൾ ചിതറിക്കിടക്കുന്നതായി കണ്ടു. പിഞ്ചുകായ അധികമുള്ള ശരങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് ബിജു രാജാക്കാട് പൊലീസിലെത്തി പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ മോഷ്‌ടാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു. അതേസമയം, നീണ്ട ഇടവേളക്ക് ശേഷമാണ് ഏലക്കായ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം വലിയ രീതിയിലുള്ള ഉത്‌പാദനക്കുറവാണ് വന്നിട്ടുള്ളത്. ഇതിനിടെയാണ് തസ്‌ക്കര ശല്യവും വർധിച്ചിരിക്കുന്നത്. മോഷണം തടയാൻ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നതാണ് പൊതുജന ആവശ്യം.
Also read: Cardamom Price | കർഷകർക്ക് പ്രതീക്ഷയേകി ഏലം വില ; 3 വര്‍ഷത്തിന് ശേഷം 2000 കടന്നു