ഉപയോഗസൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പല വസ്‌തുക്കളിലും നിരവധി ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് മുട്ടയുടെ തോട്. ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യകരമായ വളർച്ചയെ ഇത് പ്രോത്സാഹിപ്പിക്കും. മുടിയുടെ കട്ടി, ബലം എന്നിവ വർധിപ്പിക്കാനും രോമകൂപങ്ങളെ പോഷിപ്പിക്കാനും ഇത് ഗുണം ചെയ്യും. മുടിയുടെ ആരോഗ്യ നിലനിർത്താൻ ആവശ്യമായ പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടത്തോടിൽ അടങ്ങിയിട്ടുണ്ട്.
മുട്ടത്തോടിലെ കാത്സ്യം അകാല മുടികൊഴിച്ചിൽ തടയാൻ ഫലപ്രദമാണ്. തലയോട്ടിയിലെ പിഎച്ച് വാല്യൂ സന്തുലിതമാക്കാനും പ്രോകോപനം തടയാനും മുട്ടത്തോടിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ സഹായിക്കും. തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മുട്ടത്തോടിന്‍റെ ഉപയോഗം ഗുണം ചെയ്യും. മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും മുട്ടത്തോട് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
മുട്ടത്തോടും വെളിച്ചെണ്ണയും
വെളിച്ചെണ്ണ ഒരു പ്രകൃതിദത്ത മോയ്‌സ്‌ചറൈസറാണ്. മുട്ടത്തോടിൽ മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടി പൊട്ടി പോകുന്നത് തടയുകയും ചെയ്യും. അതിനായി 1 ടേബിൾ സ്‌പൂൺ മുട്ടത്തോട് പൊടിയും 2 ടേബിൾസ്‌പൂൺ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം.
മുട്ടത്തോടും ഷാംപൂവും
2 ടീസ്‌പൂൺ മുട്ടത്തോട് പൊടി ഷാംപൂവിൽ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം സാധാരണ ഷാംപൂ വാഷ് ചെയ്യുന്നതുപോലെ കഴുകി കളയാം. കണ്ടീഷണർ കൂടി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ തലയോട്ടിയെ പോഷിപ്പിക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കും.
മുട്ടത്തോടും കറ്റാർ വാഴയും
1 ടേബിൾ സ്‌പൂൺ മുട്ടത്തോട് പൊടിയും 2 ടേബിൾ സ്‌പൂൺ കറ്റാർ വാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്‌ചയിൽ രണ്ട് തവണ ഇത് ആവർത്തിക്കുക. തലയോട്ടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും മുടിയുടെ ശക്തി, ഘടന എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
മുട്ടത്തോടും ഒലിവ് എണ്ണയും
1 ടേബിൾ സ്‌പൂൺ മുട്ടത്തോട് പൊടിയിലേക്ക് 2 ടേബിൾ സ്‌പൂൺ ഒലിവ് ഓയിൽ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. 30 മിനിറ്റ് വിശ്രമിച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.
മുട്ടത്തോടുകൾ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ശേഷം നല്ലപോലെ പൊടിച്ചെടുക്കുക. അതിനായി മിക്‌സിയോ ബ്ലെൻഡറോ ഉപയോഗിക്കാം. ശേഷം വൃത്തിയുള്ള ഒരു പാത്രത്തിൽ വായു കടക്കാത്ത രീതിയിൽ അടച്ച് വച്ച് സൂക്ഷിക്കുക. ഈർപ്പം ഇല്ലാതെയും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയും വേണം ഇത് സൂക്ഷിക്കാൻ. കൂടാതെ ഉപയോഗിക്കുന്നതിന് മുമ്പ് ബാക്‌ടീരിയകൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുടി നേർത്തതാകുന്നത് തടയാനും കട്ടി കൂട്ടാനും ചില ലളിതമായ മാർഗങ്ങൾ ഇതാ